പി കെ ഹാഷിം ഹാജി
/ജംഷിദ് നരിക്കുനി
/ജംഷിദ് നരിക്കുനി
ജമാഅത്തെ ഇസ്ലാമി പൊതുസമൂഹത്തില്‍ എന്നും ചര്‍ച്ചാവിഷയമാണ്. ഒരു സംഘടന അതും ഒരു മത (രാഷ്ട്രീയ) സംഘടന ഇത്രയധികം വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. ജമാഅത്തിന്റെ ആദര്‍ശസംഹിതകള്‍ പൊതുസമൂഹത്തിന് അപകടം വരുത്തുന്നതാണോ? അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം സംശയത്തിന്റെ കണ്ണടക്കുള്ളിലൂടെ നിരീക്ഷിക്കപ്പെടുന്നതെന്തുകൊണ്ടായിരിക്കും? ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതും സംശയങ്ങള്‍ ദൂരീകരിക്കേണ്ടതും അവര്‍ തന്നെയാണ്.
സയ്യിദ് മൗദൂദി യുടെ അറുപഴഞ്ചനും അപരിഷ്കൃതവുമായ യുക്തിവിചാരങ്ങളെ പ്രചരിപ്പിച്ചുവരുന്ന അവര്‍ തന്നെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആളുകളായി സ്വയം ചമയുന്നതും നാമിന്ന് കാണുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അനുഭാവിയായിരുന്ന ഹാഷിം ഹാജി ജമാഅത്തിന്റെ പടിയിറങ്ങിയിട്ട് വര്‍ഷങ്ങളായി. അദ്ദേഹത്തിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ഒരു ട്രസ്റ്റിന് കീഴിലാണ് എറണാകുളം മദീനാ മസ്്ജിദ്. മദീന മസ്ജിദ് വിഷയത്തില്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത് വലിയ അനീതിയാണ്. ഒരു കാലത്ത് എറണാകുളത്തെ ജമാഅത്തിനെ പ്രതിനിധീകരിച്ചത് ഹാഷിം ഹാജിയായിരുന്നു. പില്ക്കാലത്ത് അദ്ദേഹം തന്റെ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ ജമാഅത്തിന്റെ ആദര്‍ശനിലപാടുകളിലെ വൈകൃതങ്ങളെകുറിച്ച് സംസാരിക്കുകയാണിവിടെ.
- കുടുംബപശ്ചാത്തലം?
കണ്ണൂര്‍ ജില്ലയിലെ എടക്കാട് ഗ്രാമത്തില്‍ പി കെ അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ മകനായി 1936ലാണ് ജനനം. ഉപ്പ ബിസിനസ്സുകാരനായിരുന്നു. ഇസ്ലാഹി ആദര്‍ശമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. കെ എം മൗലവി, ഇ കെ മൗലവി, സീതി സാഹിബ് തുടങ്ങിയവരോടൊപ്പം ഉപ്പ പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനേഴാമത്തെ വയസ്സില്‍ തന്നെ ബിസിനസ് ആവശ്യാര്‍ഥം മദ്രാസില്‍ പോയ ഓര്‍മയുണ്ട്. പിന്നീട് 1958ല്‍ എറണാകുളത്ത് സ്വന്തം നിലയില്‍ ബിസിനസ് തുടങ്ങി. പുല്ലേപ്പടി സലഫി മസ്ജിദിലായിരുന്നു നമസ്കാരം നിര്‍വഹിക്കാനും മറ്റും പോയിരുന്നത്. ഇസ്ലാഹി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ അപ്രതീക്ഷിതമായാണ് ജമാഅത്തില്‍ എത്തിപ്പെട്ടത്.
പുല്ലേപ്പടി സലഫി മസ്ജിദില്‍ ഞാന്‍ ആക്ടിംഗ് മുതവല്ലിയായിരിക്കെ അവിടെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ വരികയും ഞാനവര്‍ക്ക് അവിടെ അഭയം നല്‍കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ 1966ല്‍ അനുഭാവിഹല്‍ക്ക രൂപീകരിക്കുകയും ഞാനതില്‍ അംഗത്വമെടുക്കുകയും ചെയ്തു. ഈ പള്ളിയില്‍ ഒരു ജമാഅത്ത് ഖത്വീബിനെ നിയമിക്കുകയും ചെയ്തു. 1974 ആയപ്പോഴേക്കും കെ ഉമര്‍ മൗലവിയുടെ ശക്തമായ ബോധവത്കരണം കാരണം ഇവിടെയുള്ള ഭൂരിപക്ഷവും ജമാഅത്ത് വിരോധികളായി മാറി. ഞാനപ്പോഴും അതില്‍ തന്നെ ഉറച്ചുനിന്നു. സയ്യിദ് മൗദൂദിയുടെ കടുത്ത ആരാധകനും അന്ധമായി അദ്ദേഹത്തെ ആദരിക്കുന്നവനുമായിരുന്നു ഞാന്‍. ഉമര്‍ മൗലവി മൗദൂദിയെ വിമര്‍ശിച്ച് സംസാരിക്കുന്നതില്‍ അത്യധികം അസ്വസ്ഥനായിരുന്നു ഞാന്‍. ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് സ്വര്‍ഗപ്രവേശത്തിന് നല്ലതെന്ന് ഞാനുറച്ചുവിശ്വസിച്ചു. അപ്രതീക്ഷിതമായ ഒരെത്തിപ്പെടലായിരുന്നു ജമാഅത്തില്‍.
- ജമാഅത്തില്‍ നിന്ന് പടിയിറങ്ങിയതിനെക്കുറിച്ച്?
എറണാകുളത്ത് ഞാന്‍ ഒരു ഇസ്ലാമിക് സെന്റര്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഒരു ട്രസ്റ്റ്മെമ്പറായിരുന്നു പള്ളുരുത്തി ഹാജി. ജമാഅത്തിന്റെ വലയില്‍ പെട്ടുപോകുന്നതിനെക്കുറിച്ച് എന്നെ നിരന്തരം താക്കീത് ചെയ്യുമായിരുന്നു. എന്നാല്‍ ഞാന്‍ അപ്പോഴൊന്നും ജമാഅത്തില്‍ ഒരു കുറ്റവും കണ്ടിരുന്നില്ല. എന്നാല്‍ അവരുടെ ആദര്ശമില്ലായ്മയും നിലപാടുകളിലെ വഞ്ചനയുമെല്ലാം എനിക്ക് പതുക്കെ ബോധ്യപ്പെടാന്‍ തുടങ്ങി. ഇസ്ലാമിക് സെന്ററിനെ അവരുടെ എ കെ ജി സെന്ററാക്കാന്‍ അവര്‍ പണിയെടുത്തു. 2008ല്‍ പ്രസ്തുത സ്ഥാപനം പൂര്‍ണമായി അവരുടെ അധീനതയിലായി.
- മൗദൂദി വിവക്ഷിച്ച ജനാധിപത്യ-മതേതരത്വ കാഴ്ചപ്പാടുകള്‍ എങ്ങനെ വിശദീകരിക്കാനാകും?
ജനാധിപത്യത്തെയും മതേതരത്വത്തെയും തലകീഴാക്കി അവതരിപ്പിക്കുകയാണദ്ദേഹം ചെയ്തത്. അതോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ടത് ഇത്തരം കാഴ്ചപ്പാടുകളെയും ചിന്തകളെയും അവതരിപ്പിക്കുക വഴി മൗദൂദിയുടെ നേതൃത്വത്തില്‍ നടന്നത് ഒരു നാടകം കളി മാത്രമാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ സങ്കല്പങ്ങളും ഈ നാടകത്തിലെ വ്യത്യസ്ത എപ്പിസോഡുകള്‍ മാത്രമാണ്. റൂദാദ് ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തില്‍ ഈ നാടകം കൃത്യമായി തെളിഞ്ഞു കാണാം. പഴഞ്ചന്‍ ഇസ്ലാമിനെ ഒഴിവാക്കി പുതിയ ഇസ്ലാമിനെ അവതരിപ്പിക്കാനാണദ്ദേഹം അതിലൂടെ ശ്രമിക്കുന്നത്. താന്‍ വിഭാവനം ചെയ്യുന്ന പുതിയ ഇസ്ലാമില്‍ അമുസ്ലിംകള്‍ക്ക് പോലും അംഗമാകാമെന്നും, കൃത്യമായ ആലോചനകള്‍ക്കു ശേഷം മാത്രമേ ഇതില്‍ അംഗമാകേണ്ടതുള്ളൂവെന്നും അദ്ദേഹം ഉണര്‍ത്തുന്നു. ഈ പുതിയ ഇസ്ലാമില്‍ നിന്നും പുറത്തുപോയാല്‍ അവന് മുര്‍തദ്ദ് (മതപരിത്യാഗി) ആയിത്തീരുമെന്നതിന് ആയത്തും ഉദ്ധരിക്കുന്നുണ്ട്. ഇപ്പോള്‍ ജമാഅത്തില്‍ നിന്നും പുറത്തുപോയ ഹമീദ് വാണിമേല്‍ മൗദൂദിയുടെ വീക്ഷണപ്രകാരം മുര്‍തദ്ദിന്റെ പട്ടികയില്‍ പെടുമോ എന്നത് വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. സമൂഹത്തെ വഴിതെറ്റിക്കുന്ന ചിന്തകളാണ് മൗദൂദിയുടെ ഓരോ കാഴ്ചപ്പാടുകളും. ഖുര്‍ആന്റെ യഥാര്‍ഥ അര്‍ഥവും ആശയവും അതിന്റെ മുഴുവന്‍ സ്പിരിറ്റോടെ തനിക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നതരത്തിലാണ് അദ്ദേഹത്തിന്റെ ഓരോ നിരീക്ഷണങ്ങളും.
- മൗദൂദിയുടെ മതരാഷ്ട്രവാദ സങ്കല്പങ്ങള് ആധുനിക ജമാഅത്തുകാര്‍ കയ്യൊഴിഞ്ഞിട്ടുണ്ടോ?
മൗദൂദി പഠിപ്പിച്ച മതരാഷ്ട്രവാദ സങ്കല്പം മുറുകെ പിടിക്കുന്നവര്‍ തന്നെയാണ് ആധുനിക ജമാഅത്തുകാര്‍. ഇപ്പോഴുമവര്‍ മതരാഷ്ട്രവാദത്തെ പരിചയപ്പെടുത്തുന്ന സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മൗദൂദിയുടെ ആദര്‍ശങ്ങള്‍ എവിടെയും തിരുത്തിയതായി അറിയില്ല. ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ നിര്‍മിതിക്ക് വേണ്ടിയാണ് ഇസ്ലാമിലെ നമസ്കാരം പോലുള്ള ആരാധനകള്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ളതെന്ന് പോലും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്ലാം മതത്തെ മതരാഷ്ട്രവാദത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കി വിലയിരുത്തിയതിന്റെ സ്വാഭാവിക പരാജയം മാത്രമാണ് മൗദൂദിയുടെ ഓരോ ചിന്തയിലും തെളിഞ്ഞുകാണുന്നത്.
മൗദൂദിയെ തള്ളാനും കൊള്ളാനും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ഇന്നത്തെ ജമാഅത്തുകാരുള്ളത്. പൊളിഞ്ഞുതീരാറായ ഒരു വീടുപോലെയാണിന്ന് ജമാഅത്ത്. മൗദൂദിയുടെ വിഷലിപ്ത വിചാരങ്ങള്‍ ഉപേക്ഷിക്കാത്തിടത്തോളം കാലം അവര്‍ക്ക് സമൂഹത്തില്‍ നിന്ന് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുകൊണ്ടേയിരിക്കും.
- ഇന്ത്യപോലുള്ള ജനാധിപത്യ, മതേതരത്വ സമൂഹത്തില്‍ മതരാഷ്ട്രവാദ പ്രസ്ഥാനങ്ങള്‍ക്ക് എത്രമാത്രം മുന്നോട്ട് പോകാനാകും?
ഇന്ത്യപോലുള്ള ബഹുമത സമൂഹത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ള തീവ്ര ചിന്താവിഭാഗക്കാര്‍ക്ക് നിലനിന്നുപോരാനുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവിലുണ്ട്. തീവ്രവാദികള്‍ എപ്പോഴും മനുഷ്യന്റെ വികാരത്തെയാണ് ഫോക്കസ് ചെയ്യുന്നത്. അവിവേകികളും, വിജ്ഞാനം വേണ്ടത്ര നേടിയിട്ടില്ലാത്തവരുമായ ജനങ്ങള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ ചെന്ന് വീഴുക സ്വാഭാവികം. വിദ്യാവിഹീനരും യാഥാസ്ഥിതികരും അന്ധമായ അനുകരണ സ്വഭാവമുള്ളവരും കേരളത്തില്‍ കുറച്ചൊന്നുമല്ല ഉള്ളതെന്നത് മതരാഷ്ട്രവാദ സംഘടനകള്‍ക്ക് നിലനിന്നുപോരാനുള്ള സാധ്യത നല്‍കുന്നുണ്ട്. എന്നിരുന്നാലും കരുത്തുറ്റ ജനാധിപത്യ മതേതരത്വബോധമുള്ള കേരളീയര്‍ക്ക് ഇത്തരം മതരാഷ്ട്രവാദ ചിന്താഗതിക്കാരെ പ്രതിരോധിക്കാന്‍ കഴിയും. അതുകൊണ്ടാണല്ലോ ജമാഅത്തെ ഇസ്ലാമിക്കും ആര് എസ് എസ്സിനുമൊന്നും ഇവിടെ വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയത്.
വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ശരിയായ അറിവിലേക്കെത്തിച്ചേര്‍ന്നാല്‍ ഹുകൂമത്തെ ഇലാഹിയും, ഇഖാമത്തുദ്ദീനുമെല്ലാം വലിച്ചെറിയാന്‍ കഴിയും. മതരാഷ്ട്രവാദ സംഘടനകള്‍ക്ക് അധിക ദൂരം സഞ്ചരിക്കാനാവില്ല. ചരിത്രം അതാണ് പഠിപ്പിച്ചുതരുന്നത്. റഷ്യയില്‍ കമ്യൂണിസ്റ്റ് ആദര്‍ശം കരിഞ്ഞുവീണതും, മൗദൂദിയുടെ തലതിരിഞ്ഞ സങ്കല്പങ്ങള് അപ്രായോഗികമാണെന്ന് വ്യക്തമായതുമെല്ലാം ഉദാഹരണം.
- ജമാഅത്തെ ഇസ്ലാമി എന്തുകൊണ്ട് വിമര്‍ശനവിധേയമാകുന്നു?
സത്യത്തിന്റെയോ ധര്‍മത്തിന്റെയോ അംശം ഒട്ടുമില്ലാത്ത കപട ആദര്‍ശത്തിന്റെ വക്താക്കളാണവര്‍. നിമിഷ നേരം കൊണ്ട് തങ്ങളുടെ ആദര്‍ശം മാറ്റിപ്പറയാന്‍ ധൈര്യപ്പെടുന്ന ഒരു സംഘടന ഇവിടെയില്ല. മൗദൂദി അവതരിപ്പിച്ച ഹുകൂമത്തെ ഇലാഹി മാറ്റി ഇഖാമത്തുദ്ദീന്‍ കൊണ്ടുവന്നു. ഹറാമാക്കിയ വോട്ട് ഹലാലാക്കി. മൂല്യം നോക്കിയുള്ള വോട്ട് ചെയ്യല്‍ മതിയാക്കി, മൂല്യമളക്കാനുള്ള അളവുകോലുമായി നടന്ന് ഒടുവില്‍ അങ്കലാപ്പില്‍ പെട്ടു. കേരള മുസ്ലിംകളെ ഇസ്ലാമിന്റെ മഹത്തായ പ്രതലത്തില്‍ നിന്നും തികച്ചും വികലമായ ആദര്‍ശത്തിലേക്കെത്തിക്കാന്‍ പണിയെടുക്കുകയും സമൂഹത്തില്‍ കോമാളിവേഷം കെട്ടുകയും ചെയ്യുന്നവര്‍ വിമര്ശിക്കപ്പെടാന് ഏറ്റവും അര്‍ഹതയുള്ളവരാണ്. ഒന്നു ചോദിക്കട്ടെ, ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നിലവില്‍ വന്നുവെന്നിരിക്കട്ടെ. കേരളത്തിലവര്‍ ആരെയാണ് മുഖ്യമന്ത്രിയാക്കാന്‍ താല്പര്യപ്പെടുക? ഭരണീയരായവര്‍ക്ക് ഏത് തരത്തിലുള്ള ഭരണവ്യവസ്ഥയാണിവര്‍ നടപ്പിലാക്കുക?
- തങ്ങള്‍ മതരാഷ്ട്രവാദക്കാരല്ലെന്ന് അവകാശപ്പെടുന്നവരാണ് ജമാഅത്തുകാര്‍.
മതരാഷ്ട്രവാദക്കാര്‍ മതരാഷ്ട്രവാദം തങ്ങള്‍ക്കില്ലെന്ന് പറയുന്നതിലെന്തര്‍ഥമാണുള്ളത്? അവര്‍ ആരെയൊക്കെയോ ഭയപ്പെടുന്നുവെന്നാണിത് തെളിയിക്കുന്നത്. കാറല്‍ മാര്‍ക്സിന്റെ പേരില്‍ നിന്നാണ് മാര്‍ക്സിസ്റ്റ് എന്നത് രൂപംകൊള്ളുന്നത്. അവര്‍ മാര്‍ക്സിസ്റ്റുകാരായി അറിയപ്പെടുന്നതിനെ വെറുക്കുന്നുമില്ല. എന്നാല്‍ ജമാഅത്തുകാര്‍ അവരുടെ ആചാര്യന്റെ പേര് ചേര്‍ത്തുള്ള വിളി ഇഷ്ടപ്പെടുന്നുമില്ല. മാര്‍ക്സിസ്റ്റ് എന്ന പേരുപോലെ മൗദൂദിസ്റ്റ് എന്ന് പറയുന്നതില്‍ എന്ത് തെറ്റാണുള്ളത്? പക്ഷെ, അങ്ങനെ വിളിക്കുന്നതവര്‍ വെറുക്കുന്നു. ഇതുതന്നെയാണ് മതരാഷ്ട്രവാദത്തിന്റെയും സ്ഥിതി. മതരാഷ്ട്രവാദം പ്രചരിപ്പിക്കുന്ന സാഹിത്യങ്ങള്‍ അവരുടെ പ്രസാധനാലയങ്ങള്‍ ഇപ്പോഴും പുറത്തിറക്കിക്കൊണ്ടിരിക്കുന്നുണ്ടല്ലോ? ഹമീദ് ചേന്ദമംഗല്ലൂരിനെയും എം എന്‍ കാരശ്ശേരിയേയുമെല്ലാം ഇത്രയധികം പണിയെടുപ്പിച്ചത് ജമാഅത്തിന്റെ `മതരാഷ്ട്രവാദ' ആശയമല്ലാതെ മറ്റെന്താണ്?
- ജമാഅത്ത് രാഷ്ട്രീയപ്പാര്‍ട്ടിയെക്കുറിച്ച്?
അതില്‍ അത്ഭുതപ്പെടാനില്ല. അടിസ്ഥാനപരമായി അവര്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയാണ്. ഇസ്ലാമികമായ അഡ്രസ്സുള്ള പാര്‍ട്ടിയല്ല അവര്‍. അവരെ ഒരു മതസംഘടനയായി വിലയിരുത്താന്‍ ഒരിക്കലും സാധ്യമല്ല. ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി പടുത്തുയര്‍ത്തപ്പെട്ട യുക്തി വിചാരങ്ങളുടെ സങ്കേതമാണവര്‍. രാഷ്ട്രീയം ഒരു കാലത്ത് അവര്‍ക്ക് ഹറാമായിരുന്നു. ഇന്നത് ഹലാലായി. ഹുകൂമത്തെ ഇലാഹി എന്നത് മാറ്റി ഇഖാമത്തുദ്ദീനാക്കി. വ്യതിയാനങ്ങളുടെ ഒരു പട്ടിക തന്നെ നിരത്താനുണ്ട്.
- ജമാഅത്തിനെ ദേശവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിച്ച ഇടതുപക്ഷത്തെ തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ പിന്തുണച്ചതിനെപ്പറ്റി?
ഇതില്‍ അത്ഭുതപ്പെടാനെന്താണുള്ളത്? കൂട്ടുകൂടാന്‍ ഏറ്റവും യോഗ്യരാണിവര്‍. കക്കോടിയിലും കിനാലൂരിലുമെല്ലാം ഇടതുപക്ഷത്തില്‍ നിന്നും പൊതിരെ തല്ലുകിട്ടിയിട്ടും ഇടതിനോടുള്ള പ്രേമത്തിന്റെ രസതന്ത്രമാണ് ഇനിയും പിടികിട്ടാത്തത്! ഈ രണ്ടു കക്ഷികളും ഇസ്ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയവരാണ്.
വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളുമായി രഹസ്യധാരണയുണ്ടാക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് മതത്തെ കൂട്ടുപിടിക്കുന്നതിനോടാണ് വിയോജിപ്പ്. മുസ്ലിംലീഗ് കേരളത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിം പങ്കാളിത്തമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ്. പക്ഷെ, അവരൊരിക്കലും മതത്തെ ഉപയോഗിച്ച് രാഷ്ട്രീയത്തില്‍ ചൂഷണം നടത്താറില്ല. ജമാഅത്ത് പാര്‍ട്ടി ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുവെങ്കില്‍ നാളെ ബി ജെ പിയെയായിരിക്കും കൂട്ടുപിടിക്കുന്നത്.
മതവിരുദ്ധ ആചാര-വിശ്വാസ-കര്‍മ പരിസരങ്ങളെ വളര്‍ത്താനാണിരുവരും മത്സരിക്കുന്നത്. മൗദൂദി പഴഞ്ചന്‍ ഇസ്ലാമിനെ പൊളിച്ച് പുതിയ ഇസ്ലാമിനെ സമുദായത്തിനു മുമ്പില്‍ പരിചയപ്പെടുത്തി. അതേപോലെ കഴിഞ്ഞ ഇടതുപക്ഷ ഗവണ്മെന്റ് നിലവില്‍ വന്ന ശേഷം റാത്തീബ്, മൗലൂദ് പോലുള്ള പരിപാടികള്‍ പൂര്‍വാധികം ശക്തിപ്പെട്ടു. അന്ധവിശ്വാസ അനാചാര പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരും ലക്ഷ്യംവെക്കുന്നത് തനിമയുള്ള ഇസ്ലാമിനെ പൊളിച്ചടക്കുക എന്നതു തന്നെയാണ്. ചക്കിക്കൊത്ത ചങ്കരന് എന്ന പോലെയാണ് ഇടതുപക്ഷവും ജമാഅത്തെ ഇസ്ലാമിയും.
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തില്‍ നേരിട്ട് പ്രവേശിച്ചതോടു കൂടി അതില്‍ നിന്നും മതം ചോര്‍ന്നുപോയി എന്നതാണ് സത്യം. ആത്മീയത ചോര്‍ന്നു പോയ കേവല ചട്ടക്കൂടുകള്‍ മാത്രമാണിന്ന് ജമാഅത്തെ ഇസ്ലാമി. അധികാരമോഹങ്ങള്‍ക്കപ്പുറത്ത് ഉജ്ജ്വലമായ ഒരാദര്‍ശം പുറത്തുകാട്ടാനെങ്കിലും അവര്‍ക്ക് കഴിയാതെ പോയത് അതുകൊണ്ടാണ്. ഭൗതിക താല്പര്യങ്ങള്ക്ക് വേണ്ടി മതത്തെ കൂട്ടുപിടിച്ച് കോമാളിത്തം കാണിക്കുകയാണവര്‍. മൗദൂദിയുടെ ആദര്‍ശവും ജമാഅത്ത് പാര്‍ട്ടിയും പല വിഷയങ്ങളിലും രണ്ടു ധ്രുവങ്ങളിലാണിന്നുള്ളത്. സ്ത്രീകളുടെ സ്വാതന്ത്ര്യം, അവകാശം എന്നിവയുടെ കാര്യത്തില്‍ വലിയ താക്കീതുകളായിരുന്നു മൗദൂദി നടത്തിയിരുന്നത്. എന്നാല്‍ ജമാഅത്ത് പാര്‍ട്ടി സ്ത്രീകളെ നിരത്തിലിറക്കി മൗദൂദിയോട് പകരംവീട്ടുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
കക്കോടിയിലും കിനാലൂരിലും ഇടതുപക്ഷത്തിന്റെ നിഷ്ഠൂരമായ ആക്രണങ്ങള്‍ക്ക് വിധേയരായിട്ടും ഞങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് തന്നെ എന്ന് ഉറക്കെപ്പറയാന്‍ മാത്രം ഇടതിനോട് വിധേയത്വം കാട്ടുന്നത് കാണുമ്പോള്‍ ഒരു പഴയകാല ചരിത്രമാണ് ഓര്‍മവരുന്നത്. താര്‍ത്താരികളോട് അങ്ങേയറ്റത്തെ വിധേയത്വം കാണിച്ച് അവരുടെ ആക്രമണത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച മുസ്ലിംകളെപ്പോലെ ഇടതിന്റെ ആട്ടും തുപ്പും സഹിച്ചും അവരുടെ പിന്നാലെ തന്നെ നടക്കുന്നതിന്റെ യുക്തി ആര്‍ക്കാണ് മനസ്സിലാകാതിരിക്കുക. ഉറച്ച തീരുമാനവും, ധീരമായ നിലപാടുകളും തെളിഞ്ഞ ആദര്‍ശവും ഇല്ലാത്തിടത്തോളം കാലം ജമാഅത്തിന് പൊതുസമൂഹത്തിലെന്നല്ല മുസ്ലിംകള്ക്കിടയില് പോലും ഒട്ടും സ്ഥാനമുണ്ടാവില്ല. മതരാഷ്ട്രവാദത്തിന്റെയും ഹുകൂമത്തെ ഇലാഹിയുടെയും വിഷസര്‍പ്പങ്ങള്‍ നിരന്തരം അവരെ വേട്ടയാടിക്കൊണ്ടേയിരിക്കും.
- ജമാഅത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ഹമീദ് വാണിമേല്‍ ജമാഅത്ത് വിട്ടതിനെക്കുറിച്ച്?
അത് വിശദീകരിക്കേണ്ടത് ഹമീദ് വാണിമേല്‍ തന്നെയാണ്. എന്നാല്‍ ഇത്രയും കാലം അവരോടൊപ്പം അക്ഷീണം പ്രവര്‍ത്തിക്കുകയും സംഘടനയുടെ കുഞ്ചികസ്ഥാനങ്ങള്‍ കയ്യാളുകയും ചെയ്ത ഹമീദ് ഇപ്പോള്‍ മുസ്ലിംലീഗില്‍ ചേര്‍ന്നിരിക്കുന്നു. ഹമീദ് ഇനി വേണ്ടത്, ജമാഅത്തിന്റെ ആദര്‍ശപാപ്പരത്തത്തെക്കുറിച്ചും അവരുടെ മതരാഷ്ട്രവാദത്തെക്കുറിച്ചും പൊതുസമൂഹത്തില്‍ വിശദീകരിക്കുകയാണ്. ഇങ്ങനെ വിശദീകരിക്കുമ്പോള്‍ മാത്രമേ അദ്ദേഹം ജമാഅത്ത് ഉപേക്ഷിച്ചതിന്റെ കാരണവും അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധിയും പൊതുസമൂഹത്തിന് ബോധ്യപ്പെടുകയുള്ളൂ. അതുവഴി ജമാഅത്തിന്റെ യഥാര്‍ഥ മുഖം പൊതുജനം മനസ്സിലാക്കുകയും ചെയ്യും. ഇതുകൂടി ഹമീദ് വാണിമേലിന്റെ ഉത്തരവാദിത്തമാണെന്നാണ് ഞാന്‍ കരുതുന്നത്.
5 comments:
അടിസ്ഥാനപരമായി അവര്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയാണ്. ഇസ്ലാമികമായ അഡ്രസ്സുള്ള പാര്‍ട്ടിയല്ല അവര്‍. അവരെ ഒരു മതസംഘടനയായി വിലയിരുത്താന്‍ ഒരിക്കലും സാധ്യമല്ല. ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി പടുത്തുയര്‍ത്തപ്പെട്ട യുക്തി വിചാരങ്ങളുടെ സങ്കേതമാണവര്‍. രാഷ്ട്രീയം ഒരു കാലത്ത് അവര്‍ക്ക് ഹറാമായിരുന്നു. ഇന്നത് ഹലാലായി. ഹുകൂമത്തെ ഇലാഹി എന്നത് മാറ്റി ഇഖാമത്തുദ്ദീനാക്കി. വ്യതിയാനങ്ങളുടെ ഒരു പട്ടിക തന്നെ നിരത്താനുണ്ട്.
ഞാന്‍ ഒരു ജമത് കാരനല്ല പക്സെഹ് ഇത്ലെ അഭിപ്പ്ര യന്ഗ്ലോട് യോജിക്കാന്‍ പറ്റില്ല മൌദൂദി അങ്ങിനെ ഒന്ന് ഉണ്ടാക്കി എന്നുവച്ച് മൌദൂദി ഇമാം ഒന്ന് അല്ലല്ലോ ഖുറാന് അല്ലെ ഇമാം , ഇസ്ലാമില്‍ മുഹമ്മദു നബി രസ്ടീയം ഇല്ലാത്ത ദീന് ആണോ നട്പ്പകി യിരുന്നത് , നമസ് ക്കര്ച്ചു നോമ്പ് അനുസ് ട്ടിചു പള്ളി യില്‍ ഇറങ്നാല് ദീന് പൂര്‍ത്തി യകുമോ ,അതാണ് സൌദി സല്ഫിസം അത് ഇന്ന് കേരളത്തില്‍ പോലും ഇല്ല ,അവടെ ദീന് മുത വ്വ മാര്‍ നടപ്പില്‍ ആകികൊല്ലും അതിനു സര്‍ക്കാര്‍ ശം മ്ബ്ബലവും കൊടുക്കും ..രാജാ ബര നത്തിന് അനുകൂലമായ ദീന് മാത്രം .അതും അമേര്കാന്‍ ചോല്പടിയില് അത് ഈജിപ്തില്‍ എല്ലാം പൊളിച്ചു വീണില്ലേ .. ജമാതിനു രാസ്ട്രീയത്തില് ഊന്നല്‍ കൊടുത്ത ദു കൊണ്ട് ദീന് കുച്ച് പുടിയ കാരിയ ങ്ങള് കടന്നു കൂട് ന്നുട് .
നോക്കുക ഒരു ജമാ അത് അനുയായി മറ്റൊരാള്‍ക്ക് നല്കിയ ഉപദേശം എന്നിട്ട് തീരുമാനിക്കുക ജമാ അത്ത് ജനവിരുദ്ധമാണോ അല്ലയോ എന്ന്
CKLatheef പറഞ്ഞു...
ഇന്ത്യാ ഗവണ്മെന്റിന്റെ ഏതൊക്കെ കല്പനകള് അനുസരിച്ചാല്‍ അത് ശിര്‍ക്കാവും.
ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയണമെങ്കില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ കല്പനകള് മൊത്തമായി ഇവിടെ ലിസ്റ്റ് ചെയ്യുക.
(നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്കി അവരെ ഏത് കാര്യത്തിലനുസരിച്ചാലും അതില്‍ ശിര്‍ക്ക് വന്ന് ചേരും എന്ന് പച്ചമലയാളത്തില്‍ ആവര്‍ത്തിക്കുന്നത് മനസ്സിലാക്കാന്‍ താങ്കള്‍ക്കാകുന്നില്ല എന്ന് വിശ്വസിക്കണോ.)
"നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുഅല്ലാത്തവര്‍ക്ക് വകവെച്ചു നല്കി അവരെ ഏത് കാര്യത്തിലനുസരിച്ചാലും അതില്‍ ശിര്‍ക്ക് വന്ന് ചേരും "
ഈ വരികളില്‍ നിന്നല്ലേ തീവ്രവാദം എന്ന വിഷവൃക്ഷം മുളച്ചത്? എന്നിട്ടും ലത്തീഫിനെപോലുള്ള സ്നേഹിതന്മാര് ഇതുതന്നെയാണ് ഇപ്പോഴും മറ്റുള്ളവര്‍ക്ക് ഉപദേശിക്കുന്നത് എന്നോര്‍ക്കണം.
KNM (AP) organisational elections nearing.. Signs of another split visible.. Book: "അന്ധവിശ്വാസത്തിലേക്കൊരു പിന്‍വിളി" (By KKP Abdullah - ISM State Committee member) Against Zakariyya Salahi..!!! Kerala Muslims cannot afford this..
Post a Comment