Monday, April 18, 2011

പൊള്ളയാണ്‌ ജമാഅത്തിന്റെ രാഷ്‌ട്രീയ ആദര്‍ശം

അഭിമുഖം
സി ടി അബ്‌ദുർ‌റഹീം / ജംഷിദ് നരിക്കുനി
_______________________________

സി ടി അബ്‌ദുർ‌റഹീം

നമ്മുടെ നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിലും ബഹളത്തിലുമാണ്‌. ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം ചര്‍ച്ചചെയ്യപ്പെടുക സ്വാഭാവികം. മതന്യൂനപക്ഷങ്ങള്‍ക്കും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത സ്ഥാനമാണുള്ളത്‌. മതന്യൂനപക്ഷങ്ങള്‍ പ്രത്യേക രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ സമൂഹത്തില്‍ ഏതു വിധത്തിലുള്ള സ്വാധീനമാണ്‌ ഉണ്ടാക്കുക എന്നതും പ്രധാന ചിന്താവിഷയമാണ്‌. ജനാധിപത്യ മതേതരത്വ കാഴ്‌ചപ്പാടുകളെ പൂര്‍ണമായും നിരാകരിച്ച്‌ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഇന്ന്‌ നടത്തിക്കൊണ്ടിരിക്കുന്ന ആദര്‍ശപരമായ മലക്കംമറിച്ചിലുകളുടെ രാഷ്‌ട്രീയവും ഇന്ന്‌ ജനമധ്യത്തില്‍ ചര്‍ച്ചയാണ്‌. 1941ല്‍ അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഇന്ന്‌ ആദര്‍ശവ്യതിയാനത്തിന്റെയും ആശയ വൈകല്യത്തിന്റെയും പിടിയിലകപ്പെട്ടുവെന്നതും അവരുടെ പുതിയ ആദര്‍ശപ്രകാരമുള്ള രാഷ്‌ട്രീയ പ്രവേശവും നിരന്തരം വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ സഹയാത്രികനായിരുന്ന, ഗ്രന്ഥകാരനും ചിന്തകനുമായ സി ടി അബ്‌ദുര്‍റഹീം ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയത്തെക്കുറിച്ച്‌ സംസാരിക്കുന്നു:
  • താങ്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ഉപരിപഠനത്തെക്കുറിച്ചും സംസാരിച്ചു തുടങ്ങാം.
1945ല്‍ കോഴിക്കോട്‌ ജില്ലയിലെ ചേന്ദമംഗല്ലൂരിലാണ്‌ ജനനം. ചേന്ദമംഗല്ലൂര്‍ ഇസ്വ്‌ലാഹിയ കോളെജില്‍ പഠിച്ചശേഷം 1971ല്‍ വിഖ്യാത പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവി നേതൃത്വം നല്‍കിവന്ന ദോഹയിലെ റിലീജ്യസ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (അല്‍മഅ്‌ഹദുദ്ദീനി) പഠനം തുടര്‍ന്നു. 1974ല്‍ ഖത്തര്‍ പോലീസില്‍ ജോലിചെയ്‌തു. ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവിയായിരിക്കെ പ്രബോധനം വാരികയുടെ സഹപത്രാധിപരായും കുറ്റിയാടി ഇസ്‌ലാമിയ കോളെജില്‍ അധ്യാപകനായും ജോലിചെയ്‌തു. 1983ല്‍ പരേതനായ വി മുഹമ്മദ്‌ സാഹിബ്‌ ചെയര്‍മാനും ഞാന്‍ എക്‌സിക്യട്ടീവ്‌ സെക്രട്ടറിയും ആയി കോഴിക്കോട്‌ കേന്ദ്രമാക്കി അല്‍ ഇസ്‌ലാം ചാരിറ്റബ്‌ള്‍ ട്രസ്റ്റ്‌ സ്ഥാപിച്ചു. ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിലെ വിവിധ സ്ഥാപനങ്ങളുടെ മേല്‍നോട്ടം ഈ ട്രസ്റ്റിനാണ്‌. 

  • ജമാഅത്തെ ഇസ്‌ലാമിയുടെ തട്ടകമായ ചേന്ദമംഗല്ലൂരില്‍ ജനിച്ച ഒരാളാണ്‌ താങ്കള്‍. കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവെക്കുന്നത്‌ നന്നായിരിക്കും.
ജനിച്ചതും വളര്‍ന്നതും ജമാഅത്ത്‌ അന്തരീക്ഷത്തിലാണ്‌. എന്റെ പിതാവ്‌ (കോമുക്കുട്ടി) നിശ്ശബ്‌ദനായ മുജാഹിദ്‌ ആദര്‍ശക്കാരനായിരുന്നു. ആണ്ടുനേര്‍ച്ച പോലുള്ള അനാചാരങ്ങള്‍ ഒന്നും തന്നെ ഞങ്ങളുടെ കുടുംബത്തിന്‌ പരിചയമില്ലായിരുന്നു. ഉപ്പാക്ക്‌ ജമാലുദ്ദീന്‍ മൗലവി, വാഴക്കാട്‌ എം ടി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി, കെ ഉമര്‍ മൗലവി, പറവണ്ണ അബ്‌ദുര്‍റഹ്‌മാന്‍ മൗലവി മുതലായ പണ്ഡിതന്മാരെ വളരെ സ്‌നേഹമായിരുന്നു. പെരുമാറ്റത്തിലും ജീവിതത്തിലും എന്റെ `റോള്‍മോഡല്‍' പിതാവാണ്‌. പിതാവിന്റെ ശ്രദ്ധ ഗ്രാമത്തിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിലും മതം പഠിപ്പിക്കുന്നതിലും ഒതുങ്ങിനിന്നു. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ്‌ പ്രസ്ഥാനവും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ്‌ എന്റെ അന്നത്തെ അനുഭവം. അതുകൊണ്ടു തന്നെ ജമാഅത്തെ ഇസ്‌ലാമി ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ വളരെ വേഗം വേരുപിടിക്കുകയും അവര്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള സൗകര്യം ഉണ്ടാവുകയും ചെയ്‌തു. ഞങ്ങളുടെ തലമുറയില്‍ പെട്ടവര്‍ക്ക്‌ ഈ സ്ഥാപനങ്ങളില്‍ നിന്നാണ്‌ മതവും മതപരമായ ആശയാദര്‍ശങ്ങളും പഠിക്കാന്‍ സാധിച്ചത്‌. അതുകൊണ്ടു തന്നെ സ്വാഭാവികമായ ഒരു ജമാഅത്ത്‌ ശൈലി ഈ തലമുറയില്‍ രൂപപ്പെടുകയുണ്ടായി.

  • ജമാഅത്തെ ഇസ്‌ലാമിയില്‍ സജീവ പ്രവര്‍ത്തകനായിരുന്നോ?

ഞാനൊരിക്കലും സജീവ ജമാഅത്തുകാരനായിരുന്നില്ല. ജമാഅത്ത്‌ അന്തരീക്ഷത്തില്‍ ജീവിച്ചുപോന്നുവെന്ന്‌ മാത്രം. വിവേകമുദിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പല ആശയങ്ങളും പ്രായോഗികമല്ലെന്ന ബോധം ഒപ്പം വളര്‍ന്നുവന്നിരുന്നു. ഉദാഹരണത്തിന്‌, ജമാഅത്ത്‌ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പാടില്ല, കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കരുത്‌, ജോലിയുള്ളവര്‍ അത്‌ രാജിവെക്കണം, നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ പാടില്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കണം -എന്റെ തലമുറയില്‍ പലരും ഈയൊരു വീക്ഷണത്തിന്റെ ഇരകള്‍ കൂടിയാണെന്ന്‌ പരിശോധിച്ചാല്‍ കാണാം.

  • പ്രധാന ഗ്രന്ഥങ്ങള്‍?

ഇന്ത്യാ ചരിത്രത്തിന്റെ രണ്ട്‌ മുഖങ്ങള്‍, മതവും യുക്തിവാദവും, മതം: തത്വവും പ്രയോഗവും, സ്വാതന്ത്ര്യസമരം: നഷ്‌ടപ്പെട്ട താളുകള്‍, മതേതരത്വവും ഇന്ത്യന്‍ മുസ്‌ലിംകളും, ഇസ്‌ലാമും ഇടമറുകും, പ്രവാചകന്മാര്‍, ശരീഅത്ത്‌ ചര്‍ച്ചകള്‍, കുളമ്പടികള്‍, ഒരു മലയാളി മുസ്‌ലിമിന്റെ വേറിട്ട ചിന്തകള്‍, മുസ്‌ലിം ഭീകരവാദത്തിന്റെതായ്‌വേരുകള്‍. ഇതില്‍ മതവും യുക്തിവാദവും എന്ന പുസ്‌തകം യുക്തിവാദം കേരളക്കരയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ട സവിശേഷ സാഹചര്യത്തിലാണ്‌ രചിച്ചത്‌. ഒരു കവിതാസമാഹാരം പുറത്തിറങ്ങാനിരിക്കുകയാണ്‌. 


  • ദയാപുരം സ്ഥാപനങ്ങള്‍ താങ്കളുടെ വ്യക്തി ജീവിതത്തെ എങ്ങനെയാണ്‌ സ്വാധീനിച്ചത്‌?

1984ലാണ്‌ ഈ കേന്ദ്രം നിലവില്‍ വരുന്നത്‌. അനാഥ-സ്‌ത്രീ-ദരിദ്ര-പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിലൂടെയുള്ള ശാക്തീകരണത്തിനും, മതമൂല്യത്തിലധിഷ്‌ഠിതമായ മതേതര പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ ഈ സ്ഥാപനം മുന്‍ഗണന നല്‍കുന്നത്‌. ഇന്ന്‌ ദയാപുരത്തെക്കുറിച്ച്‌ കൂടുതല്‍ സംസാരിക്കേണ്ട ആവശ്യമില്ല. പ്രവര്‍ത്തനങ്ങളാണ്‌ സാക്ഷ്യമെങ്കില്‍ ദയാപുരത്തെക്കുറിച്ച്‌ വിലയിരുത്തുന്നവര്‍ക്ക്‌ ശരിയായ നിഗമനത്തില്‍ എത്താന്‍ കഴിയുമെന്ന്‌ ഞങ്ങള്‍ക്ക്‌ തീര്‍ച്ചയുണ്ട്‌. എല്ലാ വിഭാഗത്തില്‍ പെട്ട കുട്ടികളും രക്ഷിതാക്കളും ഈ കേന്ദ്രത്തില്‍ വരുന്നുവെന്നത്‌ ഞങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു. കയ്‌പുള്ള ഓര്‍മ ജമാഅത്തെ ഇസ്‌ലാമിക്കാരായ ചില സങ്കുചിത ബുദ്ധികളുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്‌. 

  • മൗദൂദിയുടെ ഇസ്‌ലാമിക രാഷ്‌ട്രത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്ക്‌ നേരെയുള്ള സമീപനം? തുല്യപൗരത്വം എന്ന ആധുനിക ജനാധിപത്യ സങ്കല്‌പം പുലര്‍ത്തപ്പെടുമോ?

മൗദൂദിയുടെ സങ്കല്‍പത്തിന്‌ വിരുദ്ധമായ പ്രവര്‍ത്തന നിലപാടുകളാണ്‌ ജമാഅത്തെ ഇസ്‌ലാമിയില്‍ ഇന്ന്‌ അനുഭവപ്പെടുന്നത്‌. മൗദൂദിക്ക്‌ ജനാധിപത്യത്തോടും മതേതരത്വത്തോടും സന്ധിയാവാന്‍ ഒരിക്കലും സാധ്യമല്ല എന്നാണ്‌ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്‌. അതുകൊണ്ടു തന്നെ നയപരമായ സമീപനം എന്ന നിലയ്‌ക്കുള്ള വ്യാഖ്യാനങ്ങളാണ്‌ പുതിയ നേതൃത്വം അവരുടെ നിലപാട്‌ ന്യായീകരിക്കാനായി ഉന്നയിക്കുന്നത്‌. അവര്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്നുവെന്ന്‌ പറയുന്നതോടൊപ്പം തന്നെ ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കുകയാണ്‌ മുസ്‌ലിമിന്റെ വിശ്വാസപരമായ ബാധ്യത എന്ന്‌ ഇപ്പോഴും വിട്ടുവീഴ്‌ചയില്ലാതെ പറയുന്നുണ്ട്‌. ഇതിന്‌ കാരണം, ജമാഅത്തെ ഇസ്‌ലാമിയുടെ അടിത്തറ മൗദൂദിയുടെ മതരാഷ്‌ട്രവാദമാണെന്നതാണ്‌. ആ വാദത്തില്‍ വെള്ളംചേര്‍ത്താല്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ സ്വന്തം ആചാര്യനെ തള്ളിപ്പറയേണ്ടി വരും. മതരാഷ്‌ട്രവാദം പൊതുസമൂഹത്തില്‍ സൃഷ്‌ടിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ ഇന്ന്‌ അവര്‍ക്ക്‌ ഭയമുണ്ട്‌. സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന അവസ്ഥ വന്നുചേര്‍ന്നപ്പോള്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളെ കൂട്ടുപിടിക്കാന്‍ ജാഗ്രത കാണിക്കുന്നത്‌ അതുകൊണ്ടാണ്‌.
ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കുക എന്ന മൗദൂദിയുടെ ആശയത്തിന്‌ കൃത്യമായ രൂപം നല്‌കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന്‌ ഇന്ത്യയില്‍ ഇസ്‌ലാമികഭരണം നിലവില്‍ വന്നുവെന്ന്‌ കരുതുക. ഇവിടെയുള്ള ഹിന്ദുക്കളോടും ക്രിസ്‌ത്യാനികളോടും എങ്ങനെയാണവര്‍ വര്‍ത്തിക്കുക. ആ ഭരണകൂടത്തിന്റെ പ്രധാന സ്ഥാനങ്ങളില്‍ അമുസ്‌ലിംകളെ നിയമിക്കുമോ? അവരോടൊക്കെ ഏത്‌ രീതിയിലുള്ള നിലപാടാണ്‌ സ്വീകരിക്കുക എന്നീ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി പറയാന്‍ ജമാഅത്ത്‌ നേതൃത്വത്തിന്‌ കഴിഞ്ഞിട്ടില്ല. ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ഭരണഘടന എപ്രകാരമായിരിക്കുമെന്ന്‌ കൃത്യമായി വിശദീകരിക്കേണ്ടതുമുണ്ട്‌. 

  • ജമാഅത്തെ ഇസ്‌ലാമി പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണല്ലോ. എന്താണഭിപ്രായം? 

ആദ്യം മുതല്‍ക്കേ ജമാഅത്ത്‌ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്‌. ഒരു മതരാഷ്‌ട്രീയ പാര്‍ട്ടി!

  • ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ പിന്തുണ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ പതിച്ചുനല്‍കുന്നതിനെയും അവരുടെ വോട്ട്‌ സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്ന്‌ പറയുന്ന രാഷ്‌ട്രീയക്കാരുടെ പതിവുരീതിയെയും എങ്ങനെ നോക്കിക്കാണുന്നു?

ജനാധിപത്യത്തിന്റെ മറ ഉപയോഗിച്ച്‌ ചെയ്യുന്ന ഒരു കപടപ്രയോഗമാണിത്‌. ഒരു വ്യക്തിക്ക്‌ ഇന്ന പാര്‍ട്ടിക്ക്‌ ഞാന്‍ വോട്ട്‌ ചെയ്യും എന്ന്‌ പറയാം. എന്നാല്‍ ഒരു ആദര്‍ശ സംഘടന ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ തങ്ങളുടെ വോട്ടുകള്‍ നല്‍കാം എന്ന്‌ ഓഫര്‍ ചെയ്യുമ്പോള്‍ അത്‌ പ്രത്യുപകാര പ്രതീക്ഷ കൂടാതെയാകാന്‍ തരമില്ല. പല താല്‌പര്യങ്ങളും അതിന്നു പിന്നിലുണ്ടാവുമെന്ന്‌ തീര്‍ച്ച. അതുപോലെ തന്നെ ഒരു സംഘടനയുടെ വോട്ട്‌ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന്‌ പറയുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നവര്‍ പറയാറുള്ളത്‌ അവരുമായി ഞങ്ങള്‍ക്ക്‌ ആദര്‍ശപരമായ ധരാണയൊന്നും ഇല്ല എന്നാണ്‌. സംഘടനയുടെ വോട്ട്‌ സ്വീകരിക്കാം എന്ന്‌ പറയുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക്‌ ഞങ്ങള്‍ പ്രത്യുപകാരം നല്‌കും എന്നുകൂടി അതില്‍ സൂചനയുണ്ടെന്ന്‌ നമ്മള്‍ മനസ്സിലാക്കണം.

  • ജമാഅത്തെ ഇസ്‌ലാമി വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളെ പിന്തുണയുമായി സമീപിക്കുന്നു എന്ന പരാതിയെക്കുറിച്ച്‌?

നിലവിലുള്ള സാമൂഹ്യ-രാഷ്‌ട്രീയ സാഹചര്യത്തില്‍ നിഷേധാത്മകമായ നിലപാട്‌ അപകടമാണെന്ന ബോധം ജമാഅത്തെ ഇസ്‌ലാമിയെ അസ്വസ്ഥമാക്കുന്നുവെന്നതിന്റെ ലക്ഷണമാണിത്‌. പൂര്‍ണമായ അധികാരം തീര്‍ത്തും അപ്രാപ്യമാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നു. അതോടൊപ്പം തന്നെ ഒരു രാഷ്‌ട്രീയസംഘടന എന്ന നിലയില്‍ എക്കാലത്തും അധികാരത്തോട്‌ മുഖംതിരിച്ചു നില്‍ക്കാന്‍ സാധ്യമല്ലെന്ന വസ്‌തുതയും അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ട്‌ സ്വന്തം അസ്‌തിത്വത്തെ സമൂഹത്തിന്നിടയില്‍ അംഗീകരിപ്പിക്കാനുള്ള കുറുക്കു വഴികളെക്കുറിച്ച്‌ ചിന്തിക്കുക മാത്രമേ പോംവഴിയുള്ളൂ. അധികാരം കൈയാളുന്ന കക്ഷികളെ ഇടതെന്നോ വലതെന്നോ നോക്കാതെ തരാതരം പിന്തുണയ്‌ക്കാന്‍, തങ്ങളുടെ കൂട്ടായ സമ്മതിദാനവുമായി രാഷ്‌ട്രീയപ്പാര്‍ട്ടികളെ സമീപിക്കാന്‍ അവര്‍ ശ്രമിക്കുന്നതിന്റെ രഹസ്യമതാണ്‌. അധികാരത്തിന്റെ പിന്നാലെ മതപണ്ഡിതന്മാര്‍ പോകുന്ന ചരിത്രമല്ല ഇസ്‌ലാമില്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. പൂര്‍വിക മതാചാര്യന്മാരായ അബൂഹനീഫ, അഹ്‌മദ്‌ബ്‌നു ഹംബല്‍, സഈദ്‌ബ്‌നു മുസ്വയ്യബ്‌ പോലുള്ളവരുടെ ചരിത്രം ഭരണാധികാരത്തില്‍ നിന്ന്‌ എത്രയും അകന്നുനില്‍ക്കുകയാണ്‌ വേണ്ടതെന്നാണ്‌ നമ്മെ ഓര്‍മിപ്പിക്കുന്നത്‌.

  • ജനകീയ സമരങ്ങളിലും സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളിലുമൂന്നിയുള്ള കര്‍മപരിപാടികള്‍ കൂടി ജമാഅത്ത്‌ നടത്തുന്നുണ്ട്‌.

നല്ല പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കേണ്ടതു തന്നെയാണ്‌. ഭൗതിക ലാഭങ്ങള്‍ക്കു വേണ്ടിയോ ജനങ്ങളുടെ കൈയ്യടി നേടാനോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആത്യന്തിക വിജയം നേടാന്‍ കഴിയില്ല. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട യുവാക്കള്‍ രാഷ്‌ട്രീയ കക്ഷികളുടെ ചുവടുപിടിച്ച്‌ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുന്ന രീതി പുതിയൊരു തുടക്കമാണ്‌. ജനാധിപത്യത്തില്‍ ഇതിന്‌ ഇടമുണ്ട്‌. ആ നിലയ്‌ക്ക്‌ അവരുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്ന്‌ പറയുക സാധ്യമല്ല. പ്രത്യേകിച്ച്‌ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന്‌ പ്രശ്‌നപരിഹാരമാണ്‌ ആവശ്യം. അതിന്‌ ഉതകുന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ ആ സമൂഹം സ്വാഗതം ചെയ്യും. എന്തിനു വേണ്ടിയാണ്‌ അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിന്‌ അവിടെ സ്ഥാനമില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആപത്ത്‌ കാണുന്നവര്‍ ചെയ്യേണ്ടത്‌ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട്‌ ജനങ്ങളുടെ മനസ്സ്‌ കീഴടക്കുകയാണ്‌; അകലെ നിന്ന്‌ വിമര്‍ശിക്കുകയല്ല. 

  • ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയായി സംഘടിക്കുന്നതിനെക്കുറിച്ച്‌?

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും വിവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവയാണ്‌. ഉത്തരേന്ത്യയുടെ അവസ്ഥയല്ല ദക്ഷിണേന്ത്യയുടേത്‌. കേരളത്തിന്റെ അവസ്ഥയല്ല ബംഗാളിന്റേത്‌. ഇങ്ങനെ തീര്‍ത്തും വ്യത്യസ്‌തമായ ജീവിത സാഹചര്യങ്ങളെയും വ്യത്യസ്‌ത പ്രശ്‌നങ്ങളെയും നേരിടുന്ന പൊതുസമൂഹമാണ്‌ ഇന്ത്യന്‍ ജനത. അതിന്‌ ചരിത്രപരവും സാമൂഹ്യപരവും സാമ്പത്തികപരവുമായ പല കാരണങ്ങളും ഉണ്ട്‌. മുസ്‌ലിം ന്യൂനപക്ഷത്തെ രാഷ്‌ട്രീയമായി ഒരു കുടക്കീഴില്‍ സംഘടിപ്പിക്കാന്‍ സാധിച്ചാല്‍ തന്നെ അതുകൊണ്ടു മാത്രം തീരുന്നതല്ല അവരുടെ പ്രശ്‌നങ്ങള്‍. മറിച്ച്‌ ഓരോ സമൂഹവും നേരിടുന്ന വ്യത്യസ്‌ത പ്രശ്‌നങ്ങള്‍ പഠിക്കുകയും അവയ്‌ക്ക്‌ അടിസ്ഥാനപരമായ പരിഹാരമെന്തെന്ന്‌ നിര്‍ണയിക്കാന്‍ ശ്രമിക്കുകയുമാണ്‌ വേണ്ടത്‌. രാഷ്‌ട്രീയമായ സംഘടനയെക്കുറിച്ചുള്ള ആലോചന ഈ പഠനത്തിന്റെ ഉപോല്‍പന്നമായിരിക്കണം.



കടപ്പാട്: ശബാബ് വാരിക

0 comments:

Post a Comment

Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons