Monday, April 18, 2011

ഇടത്തോട്ട്‌ വഴികാട്ടുകയാണോ ജമാഅത്തിന്റെ പണി?


അഭിമുഖം
ഹമീദ്‌ വാണിമേല്‍ / ഇസ്‌മാഈൽ മാടാശേരി
___________________________________

ഹമീദ്‌ വാണിമേല്‍
കാല്‍നൂറ്റാണ്ടോളം കാലം ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ച്‌, കേവലം ഒരു സാമുദായിക സംഘടന മാത്രമായിരുന്ന പ്രസ്ഥാനത്തിന്‌ സാമൂഹ്യ, രാഷ്‌ട്രീയ ഇടപെടലിലൂടെ പൊതുസമൂഹത്തിന്‌ മുന്നില്‍ സ്വീകാര്യതയുണ്ടാക്കിയ ഹമീദ്‌ വാണിമേല്‍ സംഘടനയോട്‌ വിടപറഞ്ഞിരിക്കുകയാണ്‌. കേഡര്‍ സംവിധാനത്തില്‍ ഒളിപ്പിച്ചുവെച്ച വൈരുധ്യാധിഷ്‌ഠിത തത്വവാദങ്ങളില്‍ കെട്ടുപിണയാന്‍ ഇനി താനില്ലെന്ന്‌ വെട്ടിത്തുറന്ന്‌ പറഞ്ഞാണ്‌ ഹമീദ്‌ പടിയിറങ്ങുന്നത്‌. ഹാകിമിയ്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്ന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ്‌ ഹമീദ്‌ സംഘടനയുടെ പരമോന്നത സമിതിയായ അഖിലേന്ത്യാ ശൂറാ അംഗത്വം, സംസ്ഥാന ശൂറാ അംഗത്വം, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗത്വം, പ്രാദേശിക അമീര്‍ സ്ഥാനം എന്നിവ രാജിവെച്ചിരിക്കുന്നത്‌. സംഘടന നിയമിച്ച പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത്‌ ആറ്‌ വര്‍ഷത്തോളം തുടര്‍ച്ചയായി ഹമീദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇത്രയും പദവികള്‍ വഹിച്ച ഒരാള്‍ സംഘടനയോട്‌ വിടപറയുന്നത്‌ ഒരുപക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കാം.

  • ജമാഅത്തെ ഇസ്‌ലാമിയോട്‌ വിടപറയുന്നതിലേക്കു നയിച്ച സാഹചര്യങ്ങള്‍ ചുരുക്കിപ്പറയാമോ?
ഉമ്മൻ ചാണ്ടിയോടൊപ്പം

മാഅത്തെ ഇസ്‌ലാമിയുമായി പ്രധാനമായും രണ്ട്‌ കാര്യങ്ങളിലായിരുന്നു എനിക്ക്‌ വിയോജിപ്പുണ്ടായിരുന്നത്‌. ഒന്ന്‌, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം നേതൃത്വം നല്‍കുന്ന എല്‍ ഡി എഫിന്‌ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പതിച്ചുനല്‍കിയത്‌. അന്ന്‌ പിന്തുണ നല്‍കുമ്പോള്‍ ജമാഅത്ത്‌ മുന്നോട്ടുവെച്ച നിബന്ധന. നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ മുസ്‌ലിം പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരം കാണാന്‍ ബാക്‌ലോഗ്‌ നികത്തുക എന്നതായിരുന്നു. എല്‍ ഡി എഫിന്റെ പ്രകടനപത്രികയില്‍ ഇത്‌ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തു. അഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഇത്‌ നടപ്പായില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്‌ അവഹേളനം മാത്രമാണ്‌ സംഘടനയ്‌ക്കുണ്ടായത്‌. അതില്‍ ഏറെ ദയനീയം ഹിറാ സെന്ററില്‍ നടന്ന റെയ്‌ഡായിരുന്നു. രണ്ട്‌ മഫ്‌തി പോലീസുകാര്‍ വന്ന്‌ ലൈബ്രറി ലെഡ്‌ജര്‍ പരിശോധിച്ചാല്‍ മതിയാകുമായിരുന്ന ഒരു നടപടിക്രമത്തിന്‌ ഒരു ഭീകരസംഘടനയുടെ ആസ്ഥാനം റെയ്‌ഡ്‌ ചെയ്യുന്നതിന്‌ സമാനമായ സന്നാഹങ്ങളോടെ റെയ്‌ഡ്‌ നടത്തിയത്‌ സംഘടനയെ അവഹേളിക്കാന്‍ വേണ്ടിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പരിപാടിയിലും മന്ത്രിമാരോ മറ്റോ പങ്കെടുക്കാറില്ല. ഇഫ്‌ത്വാര്‍മീറ്റിന്‌ പോലും അവര്‍ വരാറില്ല. ഒരുതരം അസ്‌പൃശ്യത സി പി എം വെച്ചുപുലര്‍ത്തി. എല്‍ ഡി എഫിന്റെ വിജയത്തിനു വേണ്ടി സ്വന്തം ചെലവില്‍ 50ലധികം പൊതുയോഗങ്ങള്‍ നടത്തിയ ജമാഅത്തിന്‌ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന്‌ ലഭിച്ച അവഹേളനം സഹിക്കാവുന്നതിലപ്പുറമാണ്‌. പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരെ തോല്‍പിക്കാന്‍ അഹോരാത്രം സംഘടന പണിയെടുത്തിരുന്നു. ഹൈക്കോടതിയില്‍ ജമാഅത്തെ ഇസ്‌ലാമിയെ ദേശവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ റിട്ടില്‍ വാദം കേള്‍ക്കുന്ന സമയത്ത്‌ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രവാദവിരുദ്ധ കാമ്പയിനില്‍ നിറഞ്ഞുനിന്നത്‌ ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു.

പ്രൊഫ. ചന്ദ്രചൂഡനോടൊപ്പം
വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ പേരില്‍ ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മതവിരുദ്ധ പരിഷ്‌കാരങ്ങള്‍, വികസനത്തിന്റെ കാഴ്‌ചപ്പാടില്‍ സി പി എമ്മിനുണ്ടായ മാറ്റം, ഒരുവേള കൊടിയുടെ നിറം മാത്രം മാറിയ പാര്‍ട്ടികളായി സി പി എമ്മും കോണ്‍ഗ്രസും മാറിയ സാഹചര്യം, കിനാലൂരില്‍ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ നടത്തിയ പോലീസ്‌ നടപടി -കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുഭരണത്തില്‍ ഉണ്ടായ ഈ അനുഭവങ്ങള്‍ മറച്ചുവെക്കാനാവുമോ?

രണ്ട്‌), പുതുതായി രൂപീകരിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടി. അത്തരം ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സ്‌പെയ്‌സ്‌ ഇല്ല എന്നാണെന്റെ അഭിപ്രായം. കാരണം, കേരളത്തില്‍ പ്രബലമായ ഒരു മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടി നിലവിലുണ്ട്‌. പുതിയ പാര്‍ട്ടി അഖിലേന്ത്യാതലത്തിലാണ്‌ രൂപീകരിക്കുന്നത്‌. എന്നാല്‍ സംസ്ഥാന ഘടകങ്ങള്‍ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനോ രൂപീകരിക്കാതിരിക്കാനോ സ്വാതന്ത്ര്യമുണ്ട്‌.

അങ്ങനെയാകുമ്പോള്‍, കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി വേണ്ടെന്ന്‌ തീരുമാനിക്കലാകും നല്ലത്‌ എന്നായിരുന്നു എന്റെ അഭിപ്രായം. ഇത്‌ പറയാന്‍ കാരണം, വോട്ട്‌ നല്‍കുന്നതിനും രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനും പറഞ്ഞിരുന്ന സംഘടനാപരമായ ന്യായം സമുദായ താല്‍പര്യ സംരക്ഷണമാവണം എന്നതുകൊണ്ടായിരുന്നു. 25 ശൂറാ അംഗങ്ങളില്‍ ഞാന്‍ മാത്രമാണ്‌ ഈ വാദം ഉന്നയിച്ചത്‌. എന്നാല്‍ ഇത്‌ മുഖവിലക്കെടുക്കുന്നതിന്‌ പകരം നിരാശാബോധത്തില്‍ നിന്നുടലെടുത്ത ജല്‍പനങ്ങളാണിവയെന്ന മട്ടില്‍ സംസ്ഥാനത്തുടനീളം കാമ്പയിന്‍ നടത്താന്‍ ഒരു വിഭാഗം ശ്രമിച്ചു. എന്നെ പൊതുപരിപാടികളില്‍ നിന്ന്‌ മാറ്റിനിര്‍ത്തി ഒറ്റപ്പെടുത്താനും തെറ്റായ ആരോപണ പ്രചാരണത്തിനും ശ്രമമുണ്ടായി. ഈ സാഹചര്യത്തില്‍ രണ്ട്‌ മാസം മുമ്പ്‌ തന്നെ ജമാഅത്തിന്റെ ഇടത്തോട്ടുള്ള പോക്കില്‍ ഞാന്‍ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയുണ്ടായി.

യു ഡി എഫ് നേതാക്കളോടൊപ്പം
  • സംഘടനയില്‍ താങ്കളുടെ റോള്‍ എന്തായിരുന്നു?

അഖിലേന്ത്യാതലത്തില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ സംഘടനയ്‌ക്ക്‌ ഒരു സവിശേഷ സ്വഭാവമുണ്ടായിരുന്നു. സാമൂഹ്യ-രാഷ്‌ട്രീയ രംഗത്ത്‌ സംഘടന നടത്തിയ ഇടപെടലുകള്‍ പൊതുസമൂഹത്തില്‍ സംഘടനയെപ്പറ്റി മതിപ്പ്‌ വര്‍ധിക്കാന്‍ കാരണമായി. ഈ രംഗത്താണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌. 2003ല്‍ സോളിഡാരിറ്റി രൂപീകൃതമായപ്പോള്‍ അതിന്റെ സെക്രട്ടറി ഞാനായിരുന്നു. 2005ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി. നീണ്ട ആറുവര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ഈ കാലയളവില്‍ പലരുമായും ബന്ധപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനും സാധിച്ചു.

  • പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പിറവിയെക്കുറിച്ച്‌?

രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കും എന്ന്‌ പ്രഖ്യാപിച്ചത്‌ അഖിലേന്ത്യാ അമീര്‍ തന്നെയാണ്‌. അപ്പോള്‍ ആ പാര്‍ട്ടിയുടെ സ്വഭാവം എന്താകുമെന്ന്‌ ഉദ്‌ബുദ്ധരായ ജനങ്ങള്‍ക്കറിയാം. നേരത്തെ ജമാഅത്തെ ഇസ്‌ലാമിയോട്‌ സ്വീകരിച്ച നിലപാട്‌ തന്നെയായിരിക്കും പുതിയ പാര്‍ട്ടിയോടും പൊതുസമൂഹം സ്വീകരിക്കുക. വലിയൊരായുസൊന്നും പുതിയ പാര്‍ട്ടിക്കുണ്ടാവില്ല. കേരളത്തില്‍ മുന്നണികള്‍ക്ക്‌ ബദലാവുക എന്നൊക്കെ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ പൊട്ടിച്ചിരിക്കും!

  • ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഒരു നേതൃത്വം, അതിന്റെ രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ മറ്റൊരു നേതൃത്വം -ഇതിനെ എങ്ങനെ കാണുന്നു?

ശരിക്കും പറഞ്ഞാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപരമായ പരാജയമാണിത്‌. രണ്ട്‌ നേതൃത്വം എന്ന്‌ പറയുന്നത്‌ ജമാഅത്തെ ഇസ്‌ലാമി ആറു പതിറ്റാണ്ടിലധികമായി വാതോരാതെ പറയുന്ന ഒരാശയത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്‌. ദീനും ദുന്‍യാവും രണ്ടാക്കലാണ്‌. കേരളത്തില്‍ മുജാഹിദുകള്‍ പറഞ്ഞിടത്താണ്‌ കാര്യങ്ങള്‍ എത്തുന്നത്‌. ഇതിന്റെ പേരിലായിരുന്നു ജമാഅത്തെ ഇസ്‌ലാമി തങ്ങളല്ലാത്ത മുസ്‌ലിംകളുടെ പേരില്‍ രാഷ്‌ട്രീയശിര്‍ക്ക്‌ ആരോപിച്ചത്‌. ഒരാള്‍ക്ക്‌ മതജീവിതവും പൊതുജീവിതവുമുണ്ടെന്ന്‌ ജമാഅത്തെ ഇസ്‌ലാമി സമ്മതിക്കുകയാവും പുതിയ സംഘടന രൂപീകരിക്കുന്നതോടെ. ഹാകിമിയ്യതുമായി ബന്ധപ്പെട്ട്‌ നടത്തിയ വാഗ്വാദങ്ങള്‍, ഇസ്‌ലാമിലെ നാല്‌ സാങ്കേതിക ശബ്‌ദങ്ങള്‍ക്ക്‌ നല്‍കിയ നിര്‍വചനം -ഇതെല്ലാം പാഴ്‌വേലയായിരുന്നു എന്ന്‌ പറയേണ്ടിവരും.

  • മതത്തില്‍ ഒരു സഘടന, രാഷ്‌ട്രീയത്തില്‍ മറ്റൊരു സംഘടന. ഇങ്ങനെയല്ലാതെ നിലവിലുള്ള സംഘടനയ്‌ക്ക്‌ തന്നെ രാഷ്‌ട്രീയപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുകൂടേ?

ജമാഅത്തെ ഇസ്‌ലാമി ഭരണഘടന തന്നെയാണ്‌ പ്രധാന തടസ്സം. മതാധിഷ്‌ഠിത ആശയമുള്‍ക്കൊള്ളുന്നതിനാല്‍ രാഷ്‌ട്രീയപ്പാര്‍ട്ടിയാകാന്‍ സാധിക്കില്ല.

  • സോളിഡാരിറ്റിയുടെ സ്ഥാപക കാല നേതാക്കളില്‍ പ്രമുഖനാണ്‌ താങ്കള്‍. ആ നിലയ്‌ക്ക്‌ ആ സംഘടനയുടെ വളര്‍ച്ചയെയും പുതിയ പ്രവര്‍ത്തന ശൈലിയെയും എങ്ങനെ നോക്കിക്കാണുന്നു?

പൊളിറ്റിക്‌സും ആക്‌റ്റിവ ിസവും എന്നതാണ്‌ സോളിഡാരിറ്റിയുടെ ലൈന്‍. എന്നാല്‍ അതിന്റെ ആധിക്യം പ്രസ്ഥാന പ്രവര്‍ത്തകരുടെ ആത്മീയതയില്‍ വന്‍ ഇടിവു വരുത്തി. മാനസികമായി പാകപ്പെടാത്ത പുതിയ പ്രവര്‍ത്തകരെ നയിക്കാന്‍ നേതൃത്വത്തിന്നാവുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്‌ ശരിക്കും പ്രകടമായത്‌ നാം കണ്ടു. പ്രവര്‍ത്തകരുടെ വികാരവിക്ഷോഭങ്ങള്‍ പരിധി ലംഘിച്ചു. രാഷ്‌ട്രീയമാവുമ്പോള്‍ മതപ്രസ്ഥാനം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ ഇല്ലാതാവും. സദാചാരം തകരും. ഒന്നാം പരീക്ഷണമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്തരം ദുഷ്‌പ്രവണതകള്‍ക്ക്‌ അര ഡസന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ പറ്റും. ജമാഅത്തെ ഇസ്‌ലാമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്‌. ഈ വക കാര്യങ്ങളെ മതവുമായി ബന്ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും സംഘടന പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. അല്ലെങ്കില്‍ `നാട്ടുനടപ്പ്‌' എന്ന്‌ പറഞ്ഞ്‌ മൗനസമ്മതം നല്‍കേണ്ടിവരും.

  • പ്രസ്ഥാനത്തിലെ പുതിയ തലമുറയെക്കുറിച്ച്‌?

ജമാഅത്തെ ഇസ്‌ലാമി പാരമ്പര്യമായി ഉയര്‍ത്തിപ്പിടിച്ച സംഘടനാമൂല്യങ്ങള്‍ പുതിയ തലമുറയില്‍ ഇല്ല. (സംഘടന വിട്ടു എന്ന്‌ പ്രഖ്യാപിച്ച പത്രസമ്മേളനം കഴിഞ്ഞതു മുതല്‍ എന്റെ ഫോണിലേക്ക്‌ വരുന്ന കോളുകളും എസ്‌ എം എസ്സുകളും ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ഒരു എസ്‌ എം എസ്‌ വായിച്ച മക്കള്‍ ചോദിക്കുന്നു: ഇത്തരമാള്‍ക്കാരുടെ കൂടെയായിരുന്നോ ഉപ്പ ഇതുവരെ നിലകൊണ്ടിരുന്നത്‌?) വിമര്‍ശകരെ അരിഞ്ഞുവീഴ്‌ത്താനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. എതിരാളി നശിച്ചുകാണണം എന്ന തോന്നലില്‍ നിന്നാണ്‌ ഇതുണ്ടാവുന്നത്‌. പ്രസംഗങ്ങളും പ്രഭാഷണങ്ങളും ആ വഴിക്ക്‌ നീങ്ങുന്നു. ശാപപ്രാര്‍ഥനകള്‍ വരെ നടത്തുന്നു. അതിരുകടന്ന പ്രയോഗങ്ങള്‍ ഉണ്ടാവുന്നു.

  • സംഘടനാപരമാണോ ഈ വിമര്‍ശനങ്ങള്‍?

അല്ല. അങ്ങനെയെങ്കില്‍ പഴയ തലമുറയില്‍ കാണേണ്ടതല്ലേ? സംഘടനാ താല്‍പര്യം വഴിമാറിപ്പോയതിന്റെ ഫലമാണ്‌. സമൂഹത്തെ എങ്ങനെ നയിക്കണമെന്നറിയില്ല. ഒറ്റപ്പെടലില്‍ നിന്നുണ്ടാകുന്നതാണ്‌ ഈ രൂക്ഷ വിമര്‍ശനങ്ങള്‍. മുന്‍ഗണന ക്രമത്തില്‍ സംഘടന ആദ്യമേ വരികയും സമുദായവും സമൂഹവും പിന്നീട്‌ വരികയും ചെയ്യുന്നു.

  • ജമാഅത്തെ ഇസ്‌ലാമി മുജാഹിദുകളുമായാണ്‌ കൂടുതല്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാറ്‌. എന്താണ്‌ കാരണം?

കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ അയഞ്ഞ നിലപാടാണ്‌ ജമാഅത്തിനുള്ളത്‌. സുന്നികളുടെ ആചാരരീതികളെ ഉള്‍ക്കൊള്ളുന്നതില്‍ സംഘടനയ്‌ക്ക്‌ പ്രയാസമുണ്ടാവുന്നില്ല. അതേസമയം ജമാഅത്തെ ഇസ്‌ലാമി ഉര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ നിലപാട്‌, ഹാകിമിയ്യത്തില്‍ നിന്നാരംഭിക്കുന്ന വാദങ്ങള്‍ ഇവയെ മുജാഹിദുകളാണ്‌ വിമര്‍ശിക്കാറ്‌. ഇതാകട്ടെ ജമാഅത്തെ ഇസ്‌ലാമിയുടെ അസ്‌തിത്വത്തെ ചോദ്യം ചെയ്യുന്നതാണ്‌. ഇതുകൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ടാര്‍ജറ്റ്‌ ഗ്രൂപ്പുകളില്‍ മുജാഹിദുകള്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്‌.

  • ജമാഅത്തെ ഇസ്‌ലാമിയുടെ കേഡര്‍ സംവിധാനത്തെ എങ്ങനെ വിലയിരുത്തുന്നു?

ഇതിന്റെ മതപരമായ വശം എന്തെന്ന്‌ പരിശോധിക്കപ്പെടണം. അതേസമയം സംഘടനയ്‌ക്കപ്പുറമുള്ള എല്ലാറ്റിനോടും അസഹിഷ്‌ണത ഉണ്ടാകുന്നത്‌ കേഡര്‍ സംവിധാനം കൊണ്ടാണ്‌. നേരത്തെ സൂചിപ്പിച്ചപോലെ ശത്രുക്കളെ അടച്ചാക്ഷേപിക്കുന്നതും മറ്റും ഇതിന്റെ ഭാഗമാണ്‌. കേഡര്‍ സംവിധാനമുള്ള സി പി എം, ബി ജെ പി പോലുള്ള സംഘടനകളില്‍ കാണുന്ന വൈകല്യം ഇതിലും ദൃശ്യമാകും. സംഘടന വിട്ട ശേഷം വന്ന ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ സംഘടന നാളിതുവരെ നടത്തിയ തര്‍ബിയത്തു ക്ലാസുകള്‍ കൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടായില്ലെന്ന്‌ തോന്നിപ്പോകും.

  • വിമര്‍ശകരെ ശത്രുക്കളായിക്കാണുന്ന സമീപനത്തെക്കുറിച്ച്‌ പറഞ്ഞല്ലോ. ഡോ. എം കെ മുനീര്‍, കെ എം ഷാജി തുടങ്ങിയവരോടൊക്കെയുള്ള ജമാഅത്ത്‌ നേതൃത്വത്തിന്റെ വൈരാഗ്യ മനോഭാവം അതിനുദാഹരണമാണോ?

സമുദായത്തിനകത്തു നിന്നുള്ള വിമര്‍ശനങ്ങളെയാണ്‌ ജമാഅത്ത്‌ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌. അതേസമയം മുനീറും ഷാജിയും ഉന്നയിച്ചതിനെക്കാള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ച പിണറായി വിജയനെ വിമര്‍ശിക്കുന്നില്ല. മറിച്ച്‌ പിന്തുണയുമായി വീണ്ടും അങ്ങോട്ട്‌ ചെല്ലുകയാണ്‌. ഇതാണ്‌ വൈരുധ്യം. ഇതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌, പിണറായി സംഘടനയെ കുറിച്ച്‌ പൊതുസമൂഹത്തില്‍ ഇളക്കിവിട്ട ധാരണ ഇല്ലാതാക്കുക. അതിന്‌ അവരുമായി സൗഹൃദം സ്ഥാപിക്കുക. മുനീറും ഷാജിയും സംഘടനയെക്കുറിച്ച്‌ ഉന്നയിക്കുന്ന തീവ്രവാദ, ഭീകരവാദ പ്രയോഗങ്ങള്‍ ഒറ്റുകാരന്റെ ലേബലിലാക്കുക. കടുത്ത നിലപാടില്‍ പ്രതികരിക്കുക.

  • കാല്‍ നൂറ്റാണ്ട്‌ കാലത്തോളം താങ്കള്‍ ജമാഅത്തിനൊപ്പം യാത്ര ചെയ്‌തു. മാറിയ നേതൃത്വങ്ങളെ അടിത്തറിഞ്ഞു. എന്തു തോന്നുന്നു?

1988ലാണ്‌ ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേരുന്നത്‌. ഈ കാലയാളവില്‍ രാഷ്‌ട്രീയ, സാമൂഹ്യരംഗത്തെ പലരുമായി സൗഹൃദം പങ്കുവെക്കാനും ആശയം കൈമാറാനും അവസരം ലഭിച്ചു. മുന്‍ അമീര്‍ കെ എ സിദ്ദീഖ്‌ ഹസന്‍ സാഹിബിന്റെ കാലഘട്ടത്തിലുണ്ടായ സ്വീകാര്യത ജമാഅത്തെ ഇസ്‌ലാമിക്ക്‌ കുറഞ്ഞുവരികയാണ്‌. സമുദായത്തിലെയും സമൂഹത്തിലെയും വ്യത്യസ്‌ത മേഖലകളിലെ ആളുകളെ മുഖവിലക്കെടുക്കാന്‍ പിന്നീട്‌ വന്ന നേതൃത്വത്തിന്‌ സാധിച്ചില്ല. പ്രസ്‌തുത കാലഘട്ടത്തിലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ പബ്ലിക്‌ റിലേഷന്‍ ഏറ്റവും ഫലപ്രദമായത്‌. പിന്നീട്‌ ഇതിന്‌ മാറ്റംവന്നു. കാലവും സമയവും വൃഥാവിലാക്കുന്ന ഏര്‍പ്പാടായി സംഘടനാ പ്രവര്‍ത്തനം മാറുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌.
  • വീരേന്ദ്രകുമാറിനോടൊപ്പം
  • കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എം ഐ ഷാനവാസിന്‌ പിന്തുണ നല്‌കിയതുമായി ബന്ധപ്പെട്ട്‌ താങ്കള്‍ ചില വഴിവിട്ട നീക്കങ്ങള്‍ നടത്തിയതായി പരാതിയുണ്ടല്ലോ?

വയനാട്‌ മണ്ഡലത്തില്‍ എം ഐ ഷാനവാസിന്‌ പിന്തുണ നല്‌കാന്‍ ജമാഅത്തെ ഇസ്‌ലാമി ഐകകണ്‌ഠ്യേനയാണ്‌ തീരുമാനമെടുത്തത്‌. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ഷാനവാസിനെ നേതൃത്വവുമായി ബന്ധിപ്പിച്ചത്‌ ഞാനാണ്‌. ഷാനവാസിന്‌ പിന്തുണ വാങ്ങിക്കൊടുത്തതിന്റെ മറവില്‍ ഞാന്‍ കമ്മീഷന്‍ പറ്റി എന്ന വിലകുറഞ്ഞ ദുരാരോപണങ്ങളുമായി ഇപ്പോള്‍ ചിലര്‍ രംഗത്തുണ്ട്‌. അടിസ്ഥാനരഹിതമാണത്‌. അങ്ങനെ ആരോപിക്കുന്നത്‌ ചില ലക്ഷ്യത്തോടെയാണ്‌. ആ വാദം ശരിയാണെന്നു വന്നാല്‍ വോട്ടുമറിക്കാന്‍ ജമാഅത്ത്‌ പണം പറ്റി എന്നാണുവരുന്നത്‌. കാരണം, ജമാഅത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മാത്രമാണ്‌ ഞാന്‍ ഷാനവാസുമായി ബന്ധപ്പെട്ടത്‌!

  • സാമ്രാജ്യത്വം, ആണവ കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാട്‌ തന്നെയല്ലേ ഷാനവാസിനും. അപ്പോള്‍ ഷാനവാസിനെ പിന്തുണച്ചത്‌ എങ്ങനെ ന്യായീകരിക്കും?

ഷാനവാസിന്‌ മാത്രമല്ല, ഇന്ത്യയില്‍ ഇരുനൂറിലധികം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്‌തിട്ടുണ്ട്‌. ഷാനവാസിനെപ്പോലുള്ള ഒരാള്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ അത്‌ മുസ്‌ലിംകള്‍ക്ക്‌ ഗുണകരമാവും എന്ന്‌ മാത്രമേ പിന്തുണയുമായി ബന്ധപ്പെട്ട്‌ കരുതിയുള്ളൂ.

  • കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജമാഅത്ത്‌ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണി മത്സരിക്കുകയുണ്ടായല്ലോ. കനത്ത തിരിച്ചടിയാണ്‌ മത്സരരംഗത്ത്‌ ജമാഅത്തിന്നുണ്ടായത്‌. അതേക്കുറിച്ച്‌ പുനരാലോചന നടത്തിയിരുന്നോ?

പ്രായോഗിക രാഷ്‌ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പരിമിതി ശരിക്കും ബോധ്യപ്പെടുത്തുന്നതായിരുന്നു തെരഞ്ഞെടുപ്പ്‌ മത്സരം. പ്രവര്‍ത്തകരില്‍ അമിത ആത്മവിശ്വാസമാണ്‌ നേതൃത്വം ഉണ്ടാക്കിയത്‌. പ്രത്യേകിച്ച്‌ വനിതാ പ്രവര്‍ത്തകരില്‍. പ്രചാരണം കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച എനിക്ക്‌ ബോധ്യമായ കാര്യങ്ങള്‍ ഞാന്‍ നേതൃത്വവുമായി പങ്കുവെച്ചിരിന്നു. പരമാവധി 25 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന്‌ എനിക്ക്‌ ബോധ്യമായിരുന്നു. ഇത്‌ തുറന്നുപറയണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാതായാല്‍ പ്രസ്ഥാനപ്രവര്‍ത്തകരില്‍ മനോരോഗികള്‍ വര്‍ധിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു.

©
കടപ്പാട്: ശബാബ് വാരിക

പൊള്ളയാണ്‌ ജമാഅത്തിന്റെ രാഷ്‌ട്രീയ ആദര്‍ശം

അഭിമുഖം
സി ടി അബ്‌ദുർ‌റഹീം / ജംഷിദ് നരിക്കുനി
_______________________________

സി ടി അബ്‌ദുർ‌റഹീം

നമ്മുടെ നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിലും ബഹളത്തിലുമാണ്‌. ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം ചര്‍ച്ചചെയ്യപ്പെടുക സ്വാഭാവികം. മതന്യൂനപക്ഷങ്ങള്‍ക്കും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത സ്ഥാനമാണുള്ളത്‌. മതന്യൂനപക്ഷങ്ങള്‍ പ്രത്യേക രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ സമൂഹത്തില്‍ ഏതു വിധത്തിലുള്ള സ്വാധീനമാണ്‌ ഉണ്ടാക്കുക എന്നതും പ്രധാന ചിന്താവിഷയമാണ്‌. ജനാധിപത്യ മതേതരത്വ കാഴ്‌ചപ്പാടുകളെ പൂര്‍ണമായും നിരാകരിച്ച്‌ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഇന്ന്‌ നടത്തിക്കൊണ്ടിരിക്കുന്ന ആദര്‍ശപരമായ മലക്കംമറിച്ചിലുകളുടെ രാഷ്‌ട്രീയവും ഇന്ന്‌ ജനമധ്യത്തില്‍ ചര്‍ച്ചയാണ്‌. 1941ല്‍ അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഇന്ന്‌ ആദര്‍ശവ്യതിയാനത്തിന്റെയും ആശയ വൈകല്യത്തിന്റെയും പിടിയിലകപ്പെട്ടുവെന്നതും അവരുടെ പുതിയ ആദര്‍ശപ്രകാരമുള്ള രാഷ്‌ട്രീയ പ്രവേശവും നിരന്തരം വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ സഹയാത്രികനായിരുന്ന, ഗ്രന്ഥകാരനും ചിന്തകനുമായ സി ടി അബ്‌ദുര്‍റഹീം ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയത്തെക്കുറിച്ച്‌ സംസാരിക്കുന്നു:
  • താങ്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ഉപരിപഠനത്തെക്കുറിച്ചും സംസാരിച്ചു തുടങ്ങാം.
1945ല്‍ കോഴിക്കോട്‌ ജില്ലയിലെ ചേന്ദമംഗല്ലൂരിലാണ്‌ ജനനം. ചേന്ദമംഗല്ലൂര്‍ ഇസ്വ്‌ലാഹിയ കോളെജില്‍ പഠിച്ചശേഷം 1971ല്‍ വിഖ്യാത പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവി നേതൃത്വം നല്‍കിവന്ന ദോഹയിലെ റിലീജ്യസ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (അല്‍മഅ്‌ഹദുദ്ദീനി) പഠനം തുടര്‍ന്നു. 1974ല്‍ ഖത്തര്‍ പോലീസില്‍ ജോലിചെയ്‌തു. ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവിയായിരിക്കെ പ്രബോധനം വാരികയുടെ സഹപത്രാധിപരായും കുറ്റിയാടി ഇസ്‌ലാമിയ കോളെജില്‍ അധ്യാപകനായും ജോലിചെയ്‌തു. 1983ല്‍ പരേതനായ വി മുഹമ്മദ്‌ സാഹിബ്‌ ചെയര്‍മാനും ഞാന്‍ എക്‌സിക്യട്ടീവ്‌ സെക്രട്ടറിയും ആയി കോഴിക്കോട്‌ കേന്ദ്രമാക്കി അല്‍ ഇസ്‌ലാം ചാരിറ്റബ്‌ള്‍ ട്രസ്റ്റ്‌ സ്ഥാപിച്ചു. ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിലെ വിവിധ സ്ഥാപനങ്ങളുടെ മേല്‍നോട്ടം ഈ ട്രസ്റ്റിനാണ്‌. 

  • ജമാഅത്തെ ഇസ്‌ലാമിയുടെ തട്ടകമായ ചേന്ദമംഗല്ലൂരില്‍ ജനിച്ച ഒരാളാണ്‌ താങ്കള്‍. കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവെക്കുന്നത്‌ നന്നായിരിക്കും.
ജനിച്ചതും വളര്‍ന്നതും ജമാഅത്ത്‌ അന്തരീക്ഷത്തിലാണ്‌. എന്റെ പിതാവ്‌ (കോമുക്കുട്ടി) നിശ്ശബ്‌ദനായ മുജാഹിദ്‌ ആദര്‍ശക്കാരനായിരുന്നു. ആണ്ടുനേര്‍ച്ച പോലുള്ള അനാചാരങ്ങള്‍ ഒന്നും തന്നെ ഞങ്ങളുടെ കുടുംബത്തിന്‌ പരിചയമില്ലായിരുന്നു. ഉപ്പാക്ക്‌ ജമാലുദ്ദീന്‍ മൗലവി, വാഴക്കാട്‌ എം ടി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി, കെ ഉമര്‍ മൗലവി, പറവണ്ണ അബ്‌ദുര്‍റഹ്‌മാന്‍ മൗലവി മുതലായ പണ്ഡിതന്മാരെ വളരെ സ്‌നേഹമായിരുന്നു. പെരുമാറ്റത്തിലും ജീവിതത്തിലും എന്റെ `റോള്‍മോഡല്‍' പിതാവാണ്‌. പിതാവിന്റെ ശ്രദ്ധ ഗ്രാമത്തിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിലും മതം പഠിപ്പിക്കുന്നതിലും ഒതുങ്ങിനിന്നു. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ്‌ പ്രസ്ഥാനവും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ്‌ എന്റെ അന്നത്തെ അനുഭവം. അതുകൊണ്ടു തന്നെ ജമാഅത്തെ ഇസ്‌ലാമി ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ വളരെ വേഗം വേരുപിടിക്കുകയും അവര്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള സൗകര്യം ഉണ്ടാവുകയും ചെയ്‌തു. ഞങ്ങളുടെ തലമുറയില്‍ പെട്ടവര്‍ക്ക്‌ ഈ സ്ഥാപനങ്ങളില്‍ നിന്നാണ്‌ മതവും മതപരമായ ആശയാദര്‍ശങ്ങളും പഠിക്കാന്‍ സാധിച്ചത്‌. അതുകൊണ്ടു തന്നെ സ്വാഭാവികമായ ഒരു ജമാഅത്ത്‌ ശൈലി ഈ തലമുറയില്‍ രൂപപ്പെടുകയുണ്ടായി.

  • ജമാഅത്തെ ഇസ്‌ലാമിയില്‍ സജീവ പ്രവര്‍ത്തകനായിരുന്നോ?

ഞാനൊരിക്കലും സജീവ ജമാഅത്തുകാരനായിരുന്നില്ല. ജമാഅത്ത്‌ അന്തരീക്ഷത്തില്‍ ജീവിച്ചുപോന്നുവെന്ന്‌ മാത്രം. വിവേകമുദിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പല ആശയങ്ങളും പ്രായോഗികമല്ലെന്ന ബോധം ഒപ്പം വളര്‍ന്നുവന്നിരുന്നു. ഉദാഹരണത്തിന്‌, ജമാഅത്ത്‌ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പാടില്ല, കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കരുത്‌, ജോലിയുള്ളവര്‍ അത്‌ രാജിവെക്കണം, നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ പാടില്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കണം -എന്റെ തലമുറയില്‍ പലരും ഈയൊരു വീക്ഷണത്തിന്റെ ഇരകള്‍ കൂടിയാണെന്ന്‌ പരിശോധിച്ചാല്‍ കാണാം.

  • പ്രധാന ഗ്രന്ഥങ്ങള്‍?

ഇന്ത്യാ ചരിത്രത്തിന്റെ രണ്ട്‌ മുഖങ്ങള്‍, മതവും യുക്തിവാദവും, മതം: തത്വവും പ്രയോഗവും, സ്വാതന്ത്ര്യസമരം: നഷ്‌ടപ്പെട്ട താളുകള്‍, മതേതരത്വവും ഇന്ത്യന്‍ മുസ്‌ലിംകളും, ഇസ്‌ലാമും ഇടമറുകും, പ്രവാചകന്മാര്‍, ശരീഅത്ത്‌ ചര്‍ച്ചകള്‍, കുളമ്പടികള്‍, ഒരു മലയാളി മുസ്‌ലിമിന്റെ വേറിട്ട ചിന്തകള്‍, മുസ്‌ലിം ഭീകരവാദത്തിന്റെതായ്‌വേരുകള്‍. ഇതില്‍ മതവും യുക്തിവാദവും എന്ന പുസ്‌തകം യുക്തിവാദം കേരളക്കരയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ട സവിശേഷ സാഹചര്യത്തിലാണ്‌ രചിച്ചത്‌. ഒരു കവിതാസമാഹാരം പുറത്തിറങ്ങാനിരിക്കുകയാണ്‌. 


  • ദയാപുരം സ്ഥാപനങ്ങള്‍ താങ്കളുടെ വ്യക്തി ജീവിതത്തെ എങ്ങനെയാണ്‌ സ്വാധീനിച്ചത്‌?

1984ലാണ്‌ ഈ കേന്ദ്രം നിലവില്‍ വരുന്നത്‌. അനാഥ-സ്‌ത്രീ-ദരിദ്ര-പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിലൂടെയുള്ള ശാക്തീകരണത്തിനും, മതമൂല്യത്തിലധിഷ്‌ഠിതമായ മതേതര പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ ഈ സ്ഥാപനം മുന്‍ഗണന നല്‍കുന്നത്‌. ഇന്ന്‌ ദയാപുരത്തെക്കുറിച്ച്‌ കൂടുതല്‍ സംസാരിക്കേണ്ട ആവശ്യമില്ല. പ്രവര്‍ത്തനങ്ങളാണ്‌ സാക്ഷ്യമെങ്കില്‍ ദയാപുരത്തെക്കുറിച്ച്‌ വിലയിരുത്തുന്നവര്‍ക്ക്‌ ശരിയായ നിഗമനത്തില്‍ എത്താന്‍ കഴിയുമെന്ന്‌ ഞങ്ങള്‍ക്ക്‌ തീര്‍ച്ചയുണ്ട്‌. എല്ലാ വിഭാഗത്തില്‍ പെട്ട കുട്ടികളും രക്ഷിതാക്കളും ഈ കേന്ദ്രത്തില്‍ വരുന്നുവെന്നത്‌ ഞങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു. കയ്‌പുള്ള ഓര്‍മ ജമാഅത്തെ ഇസ്‌ലാമിക്കാരായ ചില സങ്കുചിത ബുദ്ധികളുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്‌. 

  • മൗദൂദിയുടെ ഇസ്‌ലാമിക രാഷ്‌ട്രത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്ക്‌ നേരെയുള്ള സമീപനം? തുല്യപൗരത്വം എന്ന ആധുനിക ജനാധിപത്യ സങ്കല്‌പം പുലര്‍ത്തപ്പെടുമോ?

മൗദൂദിയുടെ സങ്കല്‍പത്തിന്‌ വിരുദ്ധമായ പ്രവര്‍ത്തന നിലപാടുകളാണ്‌ ജമാഅത്തെ ഇസ്‌ലാമിയില്‍ ഇന്ന്‌ അനുഭവപ്പെടുന്നത്‌. മൗദൂദിക്ക്‌ ജനാധിപത്യത്തോടും മതേതരത്വത്തോടും സന്ധിയാവാന്‍ ഒരിക്കലും സാധ്യമല്ല എന്നാണ്‌ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്‌. അതുകൊണ്ടു തന്നെ നയപരമായ സമീപനം എന്ന നിലയ്‌ക്കുള്ള വ്യാഖ്യാനങ്ങളാണ്‌ പുതിയ നേതൃത്വം അവരുടെ നിലപാട്‌ ന്യായീകരിക്കാനായി ഉന്നയിക്കുന്നത്‌. അവര്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്നുവെന്ന്‌ പറയുന്നതോടൊപ്പം തന്നെ ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കുകയാണ്‌ മുസ്‌ലിമിന്റെ വിശ്വാസപരമായ ബാധ്യത എന്ന്‌ ഇപ്പോഴും വിട്ടുവീഴ്‌ചയില്ലാതെ പറയുന്നുണ്ട്‌. ഇതിന്‌ കാരണം, ജമാഅത്തെ ഇസ്‌ലാമിയുടെ അടിത്തറ മൗദൂദിയുടെ മതരാഷ്‌ട്രവാദമാണെന്നതാണ്‌. ആ വാദത്തില്‍ വെള്ളംചേര്‍ത്താല്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ സ്വന്തം ആചാര്യനെ തള്ളിപ്പറയേണ്ടി വരും. മതരാഷ്‌ട്രവാദം പൊതുസമൂഹത്തില്‍ സൃഷ്‌ടിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ ഇന്ന്‌ അവര്‍ക്ക്‌ ഭയമുണ്ട്‌. സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന അവസ്ഥ വന്നുചേര്‍ന്നപ്പോള്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളെ കൂട്ടുപിടിക്കാന്‍ ജാഗ്രത കാണിക്കുന്നത്‌ അതുകൊണ്ടാണ്‌.
ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കുക എന്ന മൗദൂദിയുടെ ആശയത്തിന്‌ കൃത്യമായ രൂപം നല്‌കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന്‌ ഇന്ത്യയില്‍ ഇസ്‌ലാമികഭരണം നിലവില്‍ വന്നുവെന്ന്‌ കരുതുക. ഇവിടെയുള്ള ഹിന്ദുക്കളോടും ക്രിസ്‌ത്യാനികളോടും എങ്ങനെയാണവര്‍ വര്‍ത്തിക്കുക. ആ ഭരണകൂടത്തിന്റെ പ്രധാന സ്ഥാനങ്ങളില്‍ അമുസ്‌ലിംകളെ നിയമിക്കുമോ? അവരോടൊക്കെ ഏത്‌ രീതിയിലുള്ള നിലപാടാണ്‌ സ്വീകരിക്കുക എന്നീ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി പറയാന്‍ ജമാഅത്ത്‌ നേതൃത്വത്തിന്‌ കഴിഞ്ഞിട്ടില്ല. ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ഭരണഘടന എപ്രകാരമായിരിക്കുമെന്ന്‌ കൃത്യമായി വിശദീകരിക്കേണ്ടതുമുണ്ട്‌. 

  • ജമാഅത്തെ ഇസ്‌ലാമി പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണല്ലോ. എന്താണഭിപ്രായം? 

ആദ്യം മുതല്‍ക്കേ ജമാഅത്ത്‌ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്‌. ഒരു മതരാഷ്‌ട്രീയ പാര്‍ട്ടി!

  • ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ പിന്തുണ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ പതിച്ചുനല്‍കുന്നതിനെയും അവരുടെ വോട്ട്‌ സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്ന്‌ പറയുന്ന രാഷ്‌ട്രീയക്കാരുടെ പതിവുരീതിയെയും എങ്ങനെ നോക്കിക്കാണുന്നു?

ജനാധിപത്യത്തിന്റെ മറ ഉപയോഗിച്ച്‌ ചെയ്യുന്ന ഒരു കപടപ്രയോഗമാണിത്‌. ഒരു വ്യക്തിക്ക്‌ ഇന്ന പാര്‍ട്ടിക്ക്‌ ഞാന്‍ വോട്ട്‌ ചെയ്യും എന്ന്‌ പറയാം. എന്നാല്‍ ഒരു ആദര്‍ശ സംഘടന ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ തങ്ങളുടെ വോട്ടുകള്‍ നല്‍കാം എന്ന്‌ ഓഫര്‍ ചെയ്യുമ്പോള്‍ അത്‌ പ്രത്യുപകാര പ്രതീക്ഷ കൂടാതെയാകാന്‍ തരമില്ല. പല താല്‌പര്യങ്ങളും അതിന്നു പിന്നിലുണ്ടാവുമെന്ന്‌ തീര്‍ച്ച. അതുപോലെ തന്നെ ഒരു സംഘടനയുടെ വോട്ട്‌ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന്‌ പറയുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നവര്‍ പറയാറുള്ളത്‌ അവരുമായി ഞങ്ങള്‍ക്ക്‌ ആദര്‍ശപരമായ ധരാണയൊന്നും ഇല്ല എന്നാണ്‌. സംഘടനയുടെ വോട്ട്‌ സ്വീകരിക്കാം എന്ന്‌ പറയുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക്‌ ഞങ്ങള്‍ പ്രത്യുപകാരം നല്‌കും എന്നുകൂടി അതില്‍ സൂചനയുണ്ടെന്ന്‌ നമ്മള്‍ മനസ്സിലാക്കണം.

  • ജമാഅത്തെ ഇസ്‌ലാമി വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളെ പിന്തുണയുമായി സമീപിക്കുന്നു എന്ന പരാതിയെക്കുറിച്ച്‌?

നിലവിലുള്ള സാമൂഹ്യ-രാഷ്‌ട്രീയ സാഹചര്യത്തില്‍ നിഷേധാത്മകമായ നിലപാട്‌ അപകടമാണെന്ന ബോധം ജമാഅത്തെ ഇസ്‌ലാമിയെ അസ്വസ്ഥമാക്കുന്നുവെന്നതിന്റെ ലക്ഷണമാണിത്‌. പൂര്‍ണമായ അധികാരം തീര്‍ത്തും അപ്രാപ്യമാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നു. അതോടൊപ്പം തന്നെ ഒരു രാഷ്‌ട്രീയസംഘടന എന്ന നിലയില്‍ എക്കാലത്തും അധികാരത്തോട്‌ മുഖംതിരിച്ചു നില്‍ക്കാന്‍ സാധ്യമല്ലെന്ന വസ്‌തുതയും അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ട്‌ സ്വന്തം അസ്‌തിത്വത്തെ സമൂഹത്തിന്നിടയില്‍ അംഗീകരിപ്പിക്കാനുള്ള കുറുക്കു വഴികളെക്കുറിച്ച്‌ ചിന്തിക്കുക മാത്രമേ പോംവഴിയുള്ളൂ. അധികാരം കൈയാളുന്ന കക്ഷികളെ ഇടതെന്നോ വലതെന്നോ നോക്കാതെ തരാതരം പിന്തുണയ്‌ക്കാന്‍, തങ്ങളുടെ കൂട്ടായ സമ്മതിദാനവുമായി രാഷ്‌ട്രീയപ്പാര്‍ട്ടികളെ സമീപിക്കാന്‍ അവര്‍ ശ്രമിക്കുന്നതിന്റെ രഹസ്യമതാണ്‌. അധികാരത്തിന്റെ പിന്നാലെ മതപണ്ഡിതന്മാര്‍ പോകുന്ന ചരിത്രമല്ല ഇസ്‌ലാമില്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. പൂര്‍വിക മതാചാര്യന്മാരായ അബൂഹനീഫ, അഹ്‌മദ്‌ബ്‌നു ഹംബല്‍, സഈദ്‌ബ്‌നു മുസ്വയ്യബ്‌ പോലുള്ളവരുടെ ചരിത്രം ഭരണാധികാരത്തില്‍ നിന്ന്‌ എത്രയും അകന്നുനില്‍ക്കുകയാണ്‌ വേണ്ടതെന്നാണ്‌ നമ്മെ ഓര്‍മിപ്പിക്കുന്നത്‌.

  • ജനകീയ സമരങ്ങളിലും സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളിലുമൂന്നിയുള്ള കര്‍മപരിപാടികള്‍ കൂടി ജമാഅത്ത്‌ നടത്തുന്നുണ്ട്‌.

നല്ല പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കേണ്ടതു തന്നെയാണ്‌. ഭൗതിക ലാഭങ്ങള്‍ക്കു വേണ്ടിയോ ജനങ്ങളുടെ കൈയ്യടി നേടാനോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആത്യന്തിക വിജയം നേടാന്‍ കഴിയില്ല. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട യുവാക്കള്‍ രാഷ്‌ട്രീയ കക്ഷികളുടെ ചുവടുപിടിച്ച്‌ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുന്ന രീതി പുതിയൊരു തുടക്കമാണ്‌. ജനാധിപത്യത്തില്‍ ഇതിന്‌ ഇടമുണ്ട്‌. ആ നിലയ്‌ക്ക്‌ അവരുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്ന്‌ പറയുക സാധ്യമല്ല. പ്രത്യേകിച്ച്‌ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന്‌ പ്രശ്‌നപരിഹാരമാണ്‌ ആവശ്യം. അതിന്‌ ഉതകുന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ ആ സമൂഹം സ്വാഗതം ചെയ്യും. എന്തിനു വേണ്ടിയാണ്‌ അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിന്‌ അവിടെ സ്ഥാനമില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആപത്ത്‌ കാണുന്നവര്‍ ചെയ്യേണ്ടത്‌ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട്‌ ജനങ്ങളുടെ മനസ്സ്‌ കീഴടക്കുകയാണ്‌; അകലെ നിന്ന്‌ വിമര്‍ശിക്കുകയല്ല. 

  • ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയായി സംഘടിക്കുന്നതിനെക്കുറിച്ച്‌?

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും വിവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവയാണ്‌. ഉത്തരേന്ത്യയുടെ അവസ്ഥയല്ല ദക്ഷിണേന്ത്യയുടേത്‌. കേരളത്തിന്റെ അവസ്ഥയല്ല ബംഗാളിന്റേത്‌. ഇങ്ങനെ തീര്‍ത്തും വ്യത്യസ്‌തമായ ജീവിത സാഹചര്യങ്ങളെയും വ്യത്യസ്‌ത പ്രശ്‌നങ്ങളെയും നേരിടുന്ന പൊതുസമൂഹമാണ്‌ ഇന്ത്യന്‍ ജനത. അതിന്‌ ചരിത്രപരവും സാമൂഹ്യപരവും സാമ്പത്തികപരവുമായ പല കാരണങ്ങളും ഉണ്ട്‌. മുസ്‌ലിം ന്യൂനപക്ഷത്തെ രാഷ്‌ട്രീയമായി ഒരു കുടക്കീഴില്‍ സംഘടിപ്പിക്കാന്‍ സാധിച്ചാല്‍ തന്നെ അതുകൊണ്ടു മാത്രം തീരുന്നതല്ല അവരുടെ പ്രശ്‌നങ്ങള്‍. മറിച്ച്‌ ഓരോ സമൂഹവും നേരിടുന്ന വ്യത്യസ്‌ത പ്രശ്‌നങ്ങള്‍ പഠിക്കുകയും അവയ്‌ക്ക്‌ അടിസ്ഥാനപരമായ പരിഹാരമെന്തെന്ന്‌ നിര്‍ണയിക്കാന്‍ ശ്രമിക്കുകയുമാണ്‌ വേണ്ടത്‌. രാഷ്‌ട്രീയമായ സംഘടനയെക്കുറിച്ചുള്ള ആലോചന ഈ പഠനത്തിന്റെ ഉപോല്‍പന്നമായിരിക്കണം.



കടപ്പാട്: ശബാബ് വാരിക

Wednesday, April 06, 2011

മൗദൂദിയുടെ രണ്ടു പ്രഭാഷണങ്ങളും വിശദീകരണത്തിലെ വൈരുധ്യങ്ങളും

    
                                                                             ശംസുദ്ദീന്‍ പാലക്കോട്‌

ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്ര പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സയ്യിദ്‌ മൗദൂദി ഇന്ത്യാ വിഭജനത്തിന്റെ തൊട്ടു മുമ്പ്‌ നടത്തിയ രണ്ട്‌ പ്രഭാഷണങ്ങള്‍ ഇന്ന്‌ ജമാഅത്ത്‌ കേന്ദ്രങ്ങളില്‍ സംവാദവിവാദങ്ങള്‍ക്ക്‌ നിമിത്തമായിരിക്കുകയാണ്‌. മൗദൂദി 1947 മെയ്‌ മാസത്തില്‍ രണ്ട്‌ മൂന്ന്‌ ദിവസത്തെ വ്യത്യാസത്തില്‍ പഠാന്‍കോട്ടിലും മദ്രാസിലും ചെയ്‌ത പ്രഭാഷണങ്ങളാണ്‌ അര നൂറ്റാണ്ടിന്‌ ശേഷം ജമാഅത്തുകാര്‍ വിശകലനത്തിന്‌ വിധേയമാക്കാന്‍ നിര്‍ബന്ധിതമായിട്ടുള്ളത്‌. മൗദൂദിയുടെ പഠാന്‍കോട്ട്‌ പ്രസംഗം മതേതരത്വത്തെയും ജനാധിപത്യത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നതും മുസ്‌ലിംകള്‍ക്ക്‌ യോജിക്കാവുന്ന ഒറ്റ പോയന്റുമില്ലാത്ത അനിസ്‌ലാമിക വ്യവസ്ഥയാണെന്നും മുസ്‌ലിംകള്‍ മതേതര, ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ സമരം നയിക്കേണ്ടത്‌ അവരുടെ ഒഴിച്ചുകൂടാത്ത കര്‍ത്തവ്യമാണെന്നും ഊന്നിപ്പറയുന്ന പ്രഭാഷണമാണ്‌. ജമാഅത്തുകാര്‍ അങ്ങേയറ്റത്തെ ആവേശത്തോടെ ഈ പ്രസംഗം ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പിന്നീട്‌ പ്രസംഗവിഷയത്തോട്‌ കൂടുതല്‍ അടുപ്പമുള്ള മതേതരത്വം, ദേശീയത്വം, ജനാധിപത്യം-ഒരു താത്വികവിശകലനം എന്ന പേരിലാക്കി ജമാഅത്ത്‌ പ്രസാധനാലയം ഈ പ്രസംഗം പ്രസിദ്ധീകരിച്ച്‌ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മൗദൂദിയുടെ മറ്റൊരു പ്രസംഗമായ മദ്രാസ്‌ പ്രഭാഷണമാകട്ടെ, ഇന്ത്യന്‍ മുസ്‌ലിംകള്‍ നിയസഭകളിലെ പ്രാതിനിധ്യത്തിന്‌ വേണ്ടിയും തെരഞ്ഞെടുപ്പിനു വേണ്ടിയും ഉദ്യോഗങ്ങള്‍ക്ക്‌ വേണ്ടിയും മുറവിളി കൂട്ടുന്നതിനെ നിഷ്‌ഫലവും ദോഷകരവുമായി ചിത്രീകരിക്കുന്ന പ്രഭാഷണമാണ്‌. താത്വികവിശകലനം പോലെ ഒരു പുസ്‌തകമാക്കി പ്രസിദ്ധീകരിക്കാന്‍ മാത്രം നീളവും വീതിയുമുള്ള ഈ പ്രസംഗം പക്ഷെ ജമാഅത്തിന്റെ കേരളഘടകം ഇതുവരെ പുസ്‌തകമായി പ്രസിദ്ധീകരിച്ചതായി അറിയപ്പെട്ടിട്ടില്ല. എന്നാല്‍ ഈയടുത്ത കാലത്ത്‌ ജമാഅത്ത്‌ പാര്‍ട്ടിയുടെ അഖിലേന്ത്യാ തലത്തിലുള്ള സമുന്നത നേതാക്കളിലൊരാളായ ഡോ. നജാത്തുല്ലാസിദ്ദീഖി മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തെ ഒരഭിമുഖത്തില്‍ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ജമാഅത്തുകാര്‍ രാഷ്‌ട്രീയത്തില്‍ നിന്നും രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്‍തള്ളപ്പെട്ടതില്‍ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്‌ എന്ന്‌ ജമാഅത്തുകാരന്‍ തന്നെയായ നജാത്തുല്ല സിദ്ദീഖി വെട്ടിത്തുറന്ന്‌ പറയുകയുണ്ടായി. അഭിമുഖത്തിലെ ചോദ്യവും ഉത്തരവും ജമാഅത്ത്‌ മുഖപത്രത്തില്‍ വന്നത്‌ നമുക്കിങ്ങനെ വായിക്കാം:

``മൗലാനാ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ നാലിന പരിപാടി എത്രത്തോളം നടപ്പാക്കി? ഇന്നും അതിന്‌ പ്രസക്തിയുണ്ടോ?


ഇന്നതിനെ നാം ഒരിക്കലും മാര്‍ഗനിര്‍ദേശമാക്കിക്കൂടാ എന്നാണ്‌ എന്റെ അഭിപ്രായം. ആ കര്‍മപരിപാടിയനുസരിച്ച്‌ നാം വിവിധ ഭാഷകളില്‍ സാഹിത്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. എന്നാല്‍ ഓര്‍ക്കേണ്ട കാര്യം, അവയില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക്‌ പ്രയോജനപ്പെടുന്നത്‌ വളരെ കുറച്ചേയുള്ളൂ. എന്നാല്‍ ആ പരിപാടി കൊണ്ടുണ്ടായ മറ്റൊരു ഫലം നാം രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകന്നുപോയി എന്നതാണ്‌. അതിന്റെ ഫലമാവട്ടെ നമ്മുടെ സ്വാധീനശക്തി വല്ലാതെ പരിമിതപ്പെട്ടുപോയി എന്നതാണ്‌. രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനിന്നതിനാല്‍ ഈ രാജ്യത്തെ സാധാരണ ജനം അവര്‍ക്കാവശ്യമുള്ളവരായി നമ്മെ പരിഗണിക്കുകയുണ്ടായില്ല. മുസ്‌ലിം പ്രശ്‌നങ്ങളുടെ പരിഹാരത്തെപ്പോലും അത്‌ സ്വാധീനിച്ചു.

ഇന്നതിനെ നാം ഒരിക്കലും മാര്‍ഗനിര്‍ദേശമാക്കിക്കൂടാ എന്നാണ്‌ എന്റെ അഭിപ്രായം. ആ കര്‍മപരിപാടിയനുസരിച്ച്‌ നാം വിവിധ ഭാഷകളില്‍ സാഹിത്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. എന്നാല്‍ ഓര്‍ക്കേണ്ട കാര്യം, അവയില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക്‌ പ്രയോജനപ്പെടുന്നത്‌ വളരെ കുറച്ചേയുള്ളൂ. എന്നാല്‍ ആ പരിപാടി കൊണ്ടുണ്ടായ മറ്റൊരു ഫലം നാം രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകന്നുപോയി എന്നതാണ്‌. അതിന്റെ ഫലമാവട്ടെ നമ്മുടെ സ്വാധീനശക്തി വല്ലാതെ പരിമിതപ്പെട്ടുപോയി എന്നതാണ്‌. രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനിന്നതിനാല്‍ ഈ രാജ്യത്തെ സാധാരണ ജനം അവര്‍ക്കാവശ്യമുള്ളവരായി നമ്മെ പരിഗണിക്കുകയുണ്ടായില്ല. മുസ്‌ലിം പ്രശ്‌നങ്ങളുടെ പരിഹാരത്തെപ്പോലും അത്‌ സ്വാധീനിച്ചു. വിട്ടുനില്‌പെല്ലാം തുടക്കത്തില്‍ ഉചിതമായിരുന്നിരിക്കാം. പക്ഷേ വളരെ വേഗം നമുക്കതിനെ മറികടക്കാന്‍ കഴിയേണ്ടതായിരുന്നു. ഇനിയെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനില്‌ക്കാന്‍ ആരും ഉപദേശിക്കരുതെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌.'' (പ്രബോധനം 25-7-09)

നജാത്തുല്ലാ സിദ്ദീഖിയുടെ ഈ തിരിച്ചറിവും തുറന്ന്‌ പറച്ചിലും ജമാഅത്ത്‌ അണികളില്‍ അത്ഭുതവും ആകാംക്ഷയുമുണ്ടാക്കി എന്നത്‌ സ്വാഭാവികം. അങ്ങനെയാണ്‌ മൗദൂദിയുടെ `മദ്രാസ്‌ പ്രഭാഷണം' അഞ്ചു ലക്കങ്ങള്‍ ദൈര്‍ഘ്യമുള്ള ഒരു ലേഖന പരമ്പരയായി ഈയടുത്ത കാലത്ത്‌ പാര്‍ട്ടിപത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ ജമാഅത്ത്‌ നേതൃത്വം നിര്‍ബന്ധിതമായത്‌. നജാത്തുല്ല സിദ്ദീഖി വിമര്‍ശിച്ചതുപോലെ അത്ര വലിയ അപകടമൊന്നും മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലില്ല എന്ന്‌ അണികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള ഒരു വിഫലശ്രമവും അര നൂറ്റാണ്ടിനു ശേഷം ഈ പ്രഭാഷണം പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തിയായി വര്‍ത്തിച്ചിരിക്കും. എന്നാല്‍ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ നാലിന പരിപാടിയില്‍ ഡോ. നജാത്തുല്ലാ സിദ്ദീഖി സൂചിപ്പിച്ച മൗദൂദിയുടെ പ്രതിലോമചിന്തകള്‍ മുഴച്ചു നില്‌ക്കുന്ന ഭാഗം നമുക്കിങ്ങനെ വായിക്കാം:

``മുസ്‌ലിംകള്‍ അവരുടെ പ്രവര്‍ത്തനരീതി അടിമുടി അഴിച്ചുപണിയേണ്ടിയിരിക്കുന്നു. നിയമസഭകളിലെ പ്രാതിനിധ്യപ്രശ്‌നം, തെരഞ്ഞെടുപ്പിന്‌ വേണ്ടിയുള്ള നെട്ടോട്ടം, ഉദ്യോഗങ്ങള്‍ക്ക്‌ വേണ്ടിയുള്ള വടംവലി, സാമുദായികാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ട മുറവിളി- എല്ലാം വരുംകാലത്ത്‌ നിഷ്‌ഫലവും ദോഷകരവുമായി ഭവിക്കും.'' (ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ നാലിന പരിപാടി- മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിന്റെ അവസാനഭാഗം, പ്രബോധനം 30-1-2010)
സ്വാതന്ത്ര്യാനന്തരം രൂപപ്പെടുന്ന മതേതര ജനാധിപത്യ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌, നിയമനിര്‍മാണ സഭയിലെ പ്രാതിനിധ്യം, സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം മുസ്‌ലിംകള്‍ വിട്ടുനില്‌ക്കണം എന്നതാണ്‌ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ കാമ്പും കാതലും. അതുകൊണ്ടാണ്‌ നജാത്തുല്ലാ സിദ്ദീഖിയെപ്പോലുള്ളവര്‍ വളരെ വൈകിയാണെങ്കിലും മദ്രാസ്‌ പ്രഭാഷണത്തെ പിന്തിരിപ്പന്‍ പ്രഭാഷണമായി വിലയിരുത്തിയത്‌. എന്നാല്‍ ജമാഅത്തുകാര്‍ ചെയ്‌തതാകട്ടെ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തില്‍ നിന്നും പഠാന്‍കോട്ട്‌ പ്രഭാഷണത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട്‌ ജനാധിപത്യ സര്‍ക്കാറുകള്‍ക്കെതിരെ അണികളുടെ പടയണി തീര്‍ക്കുകയായിരുന്നു. പഠാന്‍കോട്ട്‌, മദ്രാസ്‌ പ്രഭാഷണങ്ങളെ സിരകളില്‍ ആവാഹിച്ച്‌ ജമാഅത്തുകാര്‍ എഴുതി:

``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' (പ്രബോധനം -1952 ജനുവരി)

``സെക്കുലറിസത്തിനും സോഷ്യലിസത്തിനും വേണ്ടി മുസ്‌ലിംകളെ ബൈഅത്ത്‌ ചെയ്യിക്കുന്നതുകൊണ്ട്‌ സമുദായത്തിന്‌ യാതൊരു ഗുണവുമില്ല. ഇഹത്തിലും പരത്തിലും ദോഷമേയുള്ളൂ.'' (പ്രബോധനം -1960 ജനുവരി 15)

``ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥയ്‌ക്ക്‌ കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായൊരവസ്ഥയാണ്‌.'' (പ്രബോധനം -1953 ഡിസംബര്‍ 15)

``നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998 ലെ എഡിഷന്‍)

മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണം ജമാഅത്തുകാര്‍ ആദര്‍ശമായി നെഞ്ചേറ്റിയതുകൊണ്ടാണ്‌ അവര്‍ക്ക്‌ ഇപ്രകാരം നിഷേധാത്മകവും പ്രതിലോമപരവുമായ നിലപാട്‌ സ്വീകരിക്കേണ്ടി വന്നത്‌ എന്നത്‌ വ്യക്തം.
ഇനി പഠാന്‍കോട്ട്‌ പ്രഭാഷണത്തിന്റെ കഥ പറയാം: ജനാധിപത്യം, മതേതരത്വം, ദേശീയത്വം എന്നീ മൂന്ന്‌ ഭരണ രാഷ്‌ട്രീയ വ്യവസ്ഥകളെ രൂക്ഷമായി വിമര്‍ശിക്കുകയും മുസ്‌ലിംകള്‍ ഈ `അനിസ്‌ലാമിക വ്യവസ്ഥ'യുമായി തീരെ സഹകരിക്കരുതെന്നും അത്‌ അവരുടെ ഈമാനിനെയും ഇസ്‌ലാമിനെയും പ്രതികൂലമായി ബാധിക്കുമെന്നും ഇത്‌ ഭയങ്കരവിപത്താണെന്നും മുസ്‌ലിംകള്‍ എവിടെയായിരുന്നാലും ഈ `ഭയങ്കര വിപത്തിനെ'തിരെ പടപൊരുതണമെന്നുമുള്ള വിശകലനങ്ങളും ആഹ്വാനങ്ങളുമാണ്‌ മൗദൂദിയുടെ പഠാന്‍കോട്ട്‌ പ്രസംഗത്തിന്റെ കാതല്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവും സന്ദേശവുമെന്ന നിലക്ക്‌ തന്നെ ജമാഅത്തുകാര്‍ ഈ പ്രസംഗം പുസ്‌തകമാക്കി വ്യാപകമായി പ്രചരിപ്പിച്ചു എന്നതും ശ്രദ്ധേയമത്രെ.

പിന്നീട്‌ പുസ്‌തകത്തിലെ ഉള്ളടക്കത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും വായനാതാല്‌പര്യം ജനിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു തലവാചകം -മതേതരത്വം, ജനാധിപത്യം, ദേശീയത്വം: ഒരു താത്വിക വിശകലനം- നല്‌കി ഈ പുസ്‌തകം ജമാഅത്തുകാര്‍ ഇപ്പോഴും പുന:പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു!
ജമാഅത്തെ ഇസ്‌ലാമി സമീപകാലത്ത്‌ ജനാധിപത്യത്തെയും മതേതരത്വത്തെയും വാഴ്‌ത്തിപ്പറയുന്ന ഒരു സമീപനരീതിയിലേക്ക്‌ ചുവട്‌ മാറിയിട്ടുണ്ടെങ്കിലും തങ്ങളുടെ യഥാര്‍ഥ ആദര്‍ശം ഇസ്‌ലാമിക ഭരണ സംസ്ഥാപനവും ജനാധിപത്യവിരുദ്ധതയും തന്നെയാണ്‌ എന്ന്‌ വ്യക്തമാക്കുന്ന രീതിയില്‍ മൗദൂദിയുടെ പഠാന്‍കോട്ട്‌ പ്രസംഗപുസ്‌തകം ഇപ്പോഴും അവര്‍ പ്രചരിപ്പിക്കുകയാണ്‌. ഈ വൈരുധ്യം പല കേന്ദ്രങ്ങളില്‍ നിന്നും ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ ജമാഅത്തിന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഒരു വിശദീകരണവുമായി രംഗത്തുവന്നു. അതിപ്രകാരമായിരുന്നു:

``ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തിനെതിരല്ല. മൗദൂദിയുടെ പ്രസംഗ പുസ്‌തകത്തില്‍ -താത്വിക വിശകലനത്തില്‍- വിമര്‍ശിച്ച ജനാധിപത്യവും മതേതരത്വവും മതനിരാസത്തിലധിഷ്‌ഠിതമായ പാശ്ചാത്യന്‍ ഡമോക്രസിയാണ്‌. മതത്തോട്‌ നിഷ്‌പക്ഷത പുലര്‍ത്തുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്‌ മൗദൂദിയോ ജമാഅത്തോ എതിരല്ല. ജമാഅത്തെ ഇസ്‌ലാമിക്കും ചിലത്‌ പറയാനുണ്ട്‌ എന്ന പേരില്‍ ജമാഅത്തിന്റെ അസിസ്റ്റന്റ്‌ അമീറായ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ ഈയിടെ എഴുതിയ ഒരു ലേഖനത്തിലും ഈ ന്യായീകരണം ആവര്‍ത്തിക്കുകയുണ്ടായി. ആ വരികള്‍ ഇപ്രകാരമാണ്‌:

``ശരിയും തെറ്റും, നന്മയും തിന്മയും, നീതിയും അനീതിയും, സത്യവും അസത്യവും, സന്മാര്‍ഗവും ദുര്‍മാര്‍ഗവും തീരുമാനിക്കേണ്ടത്‌ ഭൂരിപക്ഷ, ന്യൂനപക്ഷ അടിസ്ഥാനത്തില്‍ ജനഹിതമനുസരിച്ചാണെന്നും, നിയമ നിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്നുമുള്ള പാശ്ചാത്യ ജനാധിപത്യത്തിന്റെ ദര്‍ശനത്തെയാണ്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി പ്രസ്‌തുത പുസ്‌തകത്തില്‍ എതിര്‍ത്തത്‌. അതെഴുതിയത്‌ ബ്രിട്ടീഷിന്ത്യയിലാണെന്ന കാര്യവും പരിഗണനീയമാണ്‌.'' (ശൈഖ്‌ മുഹമ്മദിന്റെ ലേഖനം, കേരള ശബ്‌ദം 7-3-2010)

താത്വിക വിശകലനം എന്ന വിവാദപുസ്‌തകം മൗദൂദി പുസ്‌തകമായി എഴുതിയതല്ല എന്ന കാര്യവും 1947 മെയ്‌ മാസത്തില്‍ പഞ്ചാബിലെ പഠാന്‍കോട്ടില്‍ ജമാഅത്ത്‌ സമ്മേളനത്തില്‍ മൗദൂദി നടത്തിയ പ്രഭാഷണം ജമാഅത്തുകാര്‍ പിന്നീട്‌ അവരുടെ ആദര്‍ശപുസ്‌തകമായി പ്രസിദ്ധീകരിക്കുകയാണുണ്ടായതെന്ന കാര്യവും ജമാഅത്ത്‌ നേതാവ്‌ സൗകര്യപൂര്‍വം ഇവിടെ തമസ്‌കരിക്കുന്നു.

ഇനി വാദത്തിനുവേണ്ടി മൗദൂദി പാശ്ചാത്യന്‍ ജനാധിപത്യത്തെയാണ്‌ എതിര്‍ത്തത്‌ എന്ന കാര്യം സമ്മതിച്ചുകൊടുത്താല്‍ തന്നെയും ഒരു പ്രശ്‌നം മറുപടി ലഭിക്കാതെ നിലനില്‌ക്കുന്നു; അഥവാ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ട്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയോട്‌ ജമാഅത്തെ ഇസ്‌ലാമി പുറംതിരിഞ്ഞു നിന്നതെന്തിന്‌ എന്ന ചോദ്യത്തിന്‌ ഇന്നോളം തൃപ്‌തികരമായ മറുപടി പറയാന്‍ ജമാഅത്തെ ഇസ്‌ലാമി തയ്യാറായിട്ടില്ല.

`താത്വിക വിശകലന'ത്തിലെ ജനാധിപത്യ വിരുദ്ധതക്കും ഇസ്‌ലാമിക ഭരണ സംസ്ഥാപനാഹ്വാനത്തിനും വ്യത്യസ്‌തമായ മറ്റൊരു വിശദീകരണമാണ്‌ മറ്റൊരു ജമാഅത്ത്‌ നേതാവായ കെ ടി ഹുസൈന്‍ നല്‌കുന്നത്‌. മൗദൂദിയുടെ പ്രസംഗ പുസ്‌തകമായ `താത്വികവിശകലന'ത്തിലെ ജനാധിപത്യവിരുദ്ധ പരാമര്‍ശം പാകിസ്‌താനിലെ ജമാഅത്ത്‌ പ്രവര്‍ത്തകര്‍ക്ക്‌ മാത്രം ബാധകമായതാണെന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ അത്‌ ബാധകമേയല്ല എന്നുമാണ്‌ കെ ടി ഹുസൈന്റെ വിശദീകരണം. ശൈഖ്‌ മുഹമ്മദിന്റെ വിശദീകരണവുമായി വൈരുധ്യം പുലര്‍ത്തുന്ന പ്രസ്‌തുത വിശകലനം നമുക്കിങ്ങനെ വായിക്കാം:

``ഭീകരമായ ആധുനികതയുടെ ഈ ചരിത്രാനുഭവങ്ങളെയാണ്‌ മൗദൂദി തന്റെ `മതേതരത്വം, ജനാധിപത്യം, ദേശീയത്വം' എന്ന കൃതിയില്‍ പ്രശ്‌നവല്‌ക്കരിച്ചത്‌. 1947 മെയ്‌ മാസത്തില്‍ പഞ്ചാബിലെ പഠാന്‍കോട്ടില്‍ നടന്ന ജമാഅത്ത്‌ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണമാണ്‌ ഈ ഗ്രന്ഥം. ആ പ്രസംഗത്തിന്റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കേണ്ടതും പ്രഭാഷണത്തിന്റെ പൊരുള്‍ ഗ്രഹിക്കാന്‍ സഹായകമാണ്‌. ഇന്ത്യാവിഭജനം ഉറപ്പായ ഘട്ടത്തില്‍ പാകിസ്‌താന്റെ ഭാഗമാകാന്‍ പോകുന്ന പ്രവിശ്യകളിലെ പ്രവര്‍ത്തകരെയാണ്‌ ഈ പ്രസംഗം അഭിസംബോധന ചെയ്യുന്നത്‌. വിഭജനാനന്തരം രൂപീകരിക്കപ്പെടാന്‍ പോകുന്ന പാകിസ്‌താന്‍ ഭരണകൂടത്തിന്റെ അടിത്തറ ഒരിക്കലും വിപ്ലവാനന്തര തുര്‍ക്കിയിലെയും ഇറാനിലെയും പോലെ അക്രമാസക്തമായ മതേതര ദേശീയതയോ മുതലാളിത്ത ജനാധിപത്യമോ ആകാന്‍ പാടില്ലെന്ന്‌ പാകിസ്‌താന്റെ ഭാവി ഭരണാധികാരികളെയും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരെയും ഉദ്‌ബോധിപ്പിക്കുന്നതായിരുന്നു പ്രസ്‌തുത പ്രസംഗം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, പില്‍ക്കാലത്ത്‌ ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വികസിച്ചു വന്ന മതേതര ജനാധിപത്യത്തിനും ദേശീയതയ്‌ക്കും പ്രസ്‌തുത വിശകലനം ബാധകമേയല്ല.'' (കെ ടി ഹുസൈന്‍ എഴുതിയ ലേഖനത്തില്‍ നിന്ന്‌, പ്രബോധനം 16-08-2008, പേജ്‌ 13)

``വിഭജനാനന്തരം പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകള്‍ക്ക്‌ അടിത്തറയായി മാറിയ പഠാന്‍കോട്ട്‌ പ്രസംഗം ഒരു ഘട്ടത്തിലും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകളെ സ്വാധീനിച്ചിട്ടില്ല'' എന്നുകൂടി ലേഖകന്‍ ഒരിടത്ത്‌ പ്രസ്‌താവിക്കുന്നുണ്ട്‌. ഈ പ്രസ്‌താവന തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളതുമാണ്‌. കാരണം ഈ പ്രസംഗം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്ന പേരില്‍ പുസ്‌തകമായി ഇറക്കുകയും 1960 മുതല്‍ മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിന്റെ പത്തോളം പതിപ്പുകള്‍ പുറത്തിറക്കി. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കും `ബാധകമേ അല്ലാത്ത' ഈ പഠാന്‍കോട്ട്‌ പ്രസംഗം പിന്നെന്തിനാണ്‌ ജമാഅത്തുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌?

ചുരുക്കത്തില്‍ ഇന്ത്യാവിഭജനത്തിന്റെ തൊട്ടുമുമ്പ്‌ അടുത്ത ദിവസങ്ങളില്‍ മൗദൂദി ചെയ്‌ത പഠാന്‍കോട്ട്‌ പ്രസംഗവും മദ്രാസ്‌ പ്രസംഗവും തന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശാടിത്തറ എന്ന കാര്യത്തില്‍ സംശയമില്ല. ജമാഅത്തുകാര്‍ വ്യത്യസ്‌തവും വൈരുധ്യാത്മകവുമായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിശകലനത്തില്‍ സത്യത്തിന്റെ അംശമുണ്ടെങ്കില്‍ ഈ ലേഖനത്തില്‍ സൂചിപ്പിച്ച രണ്ട്‌ ചോദ്യങ്ങള്‍ക്ക്‌ ജമാഅത്ത്‌ നേതൃത്വം മറുപടി നല്‌കണം. അല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടമുഖം അനാവൃതമാക്കപ്പെടുമെന്നെങ്കിലും അവരറിയണം.

Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons