Monday, February 21, 2011

ജമാ‌അത്തിന്റെ കപടമുഖം

സി പി ഐ (എം എൽ) മുഖപത്രമായ ‘കോമ്രേഡ്’ മാസികയിലെ ചോദ്യോത്തര പംക്തിയിൽ വന്ന ഒരു ചോദ്യവും അതിന് എം എസ് ജയകുമാർ നൽകിയ ഉത്തരവുമാണ് താഴെയുള്ളത്. പ്രതികരണങ്ങൾ കമന്റുകളായി വരുമെന്ന പ്രതീക്ഷയോടെ...



ചോദ്യം: ജമാ‌അത്തെ ഇസ്ലാമിയുടെ കേരളാഘടകം പൊതുവിൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നില്ലേ? അവരുടെ യുവജനസംഘടനയായ സോളിഡാരിറ്റി ഒരു ഇടതുപക്ഷ യുവജന സംഘടനയുടെ പങ്ക് അല്ലേ നിർവ്വഹിക്കുന്നത്?

സോമൻ, കയ്പുഴ


ഉത്തരം: ചോദ്യകർത്താവ് കരുതുന്നതു പോലെ ജമാ‌അത്തെ ഇസ്ലാമിയോ അവരുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയോ മതനിരപേക്ഷമായ നിലപാട് സ്വീകരിക്കുന്ന തരത്തിലുള്ള സംഘടകളല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. മതനിരപേക്ഷവും പുരോഗമനപരവുമായ ഒരു മുഖം‌മൂടി സ്വീകരിച്ചുകൊണ്ട് തങ്ങളുടെ യഥാർഥമുഖം മറച്ചുവെയ്ക്കാനുള്ള ശ്രമം നടത്തി ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അവരുടെ രാഷ്ട്രീയലക്ഷ്യം പടിപടിയായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു കവർ സംഘടനയെന്ന നിലയിൽ ‘ജനകീയ വികസന മുന്നണി’യുടെ പേരിലാണവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് എങ്കിൽ അധികം താമസിയാതെ, ബംഗ്ലാദേശിലും മറ്റും സ്വന്തം രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള സാധ്യത വിദൂരമല്ല. ഇനി ജമാ‌അത്തെ ഇസ്ലാമിയെ കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.



ഹിന്ദുത്വവാദികൾ, യഥാർത്ഥ ഹിന്ദുമത സംരക്ഷകർ തങ്ങളാണെന്ന് അവകാശപ്പെടുന്നതുപോലെ ജമാ‌അത്തുകളെ പോലുള്ള ഇസ്ലാംവാദികളും തങ്ങളാണ് ഇസ്ലാമിനെ സംരക്ഷിക്കുന്നതെന്നാണ് പ്രചാരണം നടത്തുന്നത്. അവിഭക്ത ഇൻഡ്യയിൽ, 1941-ആഗസ്റ്റ് 26ന് ലാഹോറിൽ വച്ചാണ് മൌലാന സയ്യിദ് അബുൽ അ‌അ്‌ല മൌദൂദി ജമാ‌അത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടന രൂപീകരിക്കുന്നത്. ദൈവീക ഭരണം (ഹുകൂമത്തെ ഇലാഹി)* സ്ഥാപിക്കലായിരുന്നു അതിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ഇന്ത്യാവിഭജനത്തിനു ശേഷം ഒരു ബഹുമത രാജ്യമായ ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിന് തന്ത്രപരമായ ഒരു നിലപാട് അവർ സ്വീകരിച്ചു. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ ദൈവികഭരണമെന്ന മുദ്രാവാക്യത്തിന് ചെറിയൊരു മാറ്റം വരുത്തി ‘ഇഖാമത്തുദ്ദീൻ’ എന്നാക്കി മാറ്റിയത്. അതിന്റെ അർഥം ഇസ്ലാമിക വ്യവസ്ഥിതി സ്ഥാപിക്കുക എന്നതാണ്. മേൽ പറഞ്ഞ രീതിയിലുള്ള ഒരു ലേബൽ മാറ്റം കൊണ്ട് മൌലികമായി, അതിന്റെ സത്തയിൽ മാറ്റമൊന്നും വരുന്നില്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇവർ വ്യത്യസ്ത രൂപങ്ങളിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ അവരുടെ അടിസ്ഥാന നിലപാടുകൾക്ക് മാറ്റങ്ങൾക്കൊന്നും തന്നെ ഇല്ല എന്നുള്ളതുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. സ്ഥലകാലമാറ്റങ്ങൾക്കനുസരിച്ച് തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തുന്നത് പിശകാണെന്നു കരുതുന്ന മൌദൂദിസ്റ്റുകൾക്കും സ്വയം ചില മാറ്റങ്ങൾക്കെങ്കിലും വിധേയരാകാതെ നിലനിൽക്കാനാകില്ലെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്.

ജമ്മു കശ്‌മീരിൽ ഇവർ എടുക്കുന്ന നിലപാട് ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ അവർ സന്നദ്ധരാകുന്നില്ല. പൊതുവിദ്യാഭ്യാസം, ഗവൺ‌മെന്റുമായി പാർലമെന്ററി ജനാധിപത്യ സമ്പ്രദായത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുക, വോട്ടു ചെയ്യുക എന്നതെല്ലാം നിഷിദ്ധമായി കരുതിയിരുന്ന ഇക്കൂട്ടർ ഇന്ന് കേരളത്തിലും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള അണിയറ നീക്കത്തിലാണ്. ജനാധിപത്യ വ്യവസ്ഥയും അതിന്റെ ഭരണഘടനയും അനുസരിച്ച് ജീവിക്കുകയെന്നത് ഇസ്ലാം വിരുദ്ധമാണെന്ന് ജമാ‌അത്തെ സ്ഥാപകനായ മൌദൂദി ഉറച്ചു വിശ്വസിച്ചു. മതവും രാഷ്ട്രവും അവിഭാജ്യമാണെന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർക്ക് മതനിരപേക്ഷത എന്ന ആശയത്തെ തന്നെ സ്വീകരിക്കാനാകില്ലല്ലോ. ഇത്തരം നിലപാടുകൾ ഉള്ളപ്പോൾ തന്നെ ഇടതുപക്ഷത്തിനു പ്രാമുഖ്യമുള്ള കേരളത്തിൽ തങ്ങൾക്കിണങ്ങുന്ന മുഖം‌മൂടികൾ മാറിമാറി പ്രയോഗിക്കാനുള്ള മെയ്‌വഴക്കം മൌദൂദിസ്റ്റുകൾ സ്വീകരിക്കുന്നതു കൊണ്ടാണ് കേരളത്തിലെ ജമാ‌അത്തെ ഇസ്ലാമി യൂണിറ്റിനെ വിലയിരുത്തുന്നതിൽ പലപ്പോഴും ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത്.

ജമാ‌അത്തെ ഇസ്ലാമിയും മുസ്ലിമ്ലീഗും (ഐ യു എം എൽ), ഐ എൻ എൽ തുടങ്ങിയ സംഘടനകളും തമ്മിലുള്ള മൌലീകമായ വ്യത്യാസവും കൂടി ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. മുസ്‌ലിം ലീഗ്, ഐ എൻ എൽ തുടങ്ങിയ സംഘടനകൾ മതത്തെയും രാഷ്ട്രീയത്തെയും ഒരു പരിധിവരെ രണ്ടായിത്തന്നെയാണ് കാണുന്നത്. കേരളത്തിന്റെ സാഹചര്യത്തിൽ, മുസ്ലിം ലീഗിനും ഐ എൻ എല്ലിനും മറ്റും പലപ്പോഴും ഇടതുപക്ഷ ജനാധിപത്യ ശക്തികളുമായി ഐക്യപ്പെടാനാകുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന് ഇതുതന്നെയാണ്. എന്നാൽ ജമാ‌അത്തെയുടെ ലക്ഷ്യം, ഇസ്ലാമിക മതരാഷ്ട്ര സ്ഥാപനമാണ്. അതുകൊണ്ടു തന്നെ അവർക്ക് തങ്ങളുടെ യഥാർഥമുഖം അധിക കാലം മറച്ചുവെക്കാനാകില്ല. ഇസ്ലാം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്നാണ് മൌദൂദിസ്റ്റുകൾ വിശ്വസിക്കുന്നത്. മതത്തിന്റെ സംസ്കാരവും പാരമ്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് സാംസ്കാരിക ഇസ്ലാമിന്റെ പക്ഷത്താണ് ലീഗും ഐ എൻ എല്ലും മറ്റും നിൽക്കുന്നതെങ്കിൽ, അതിന് നേർവിപരീതമായി രാഷ്ട്രീയ ഇസ്ലാമിന്റെ പക്ഷത്താണ് ജമാ‌അത്തെ നിൽക്കുന്നത്. ലോകമെങ്ങുമുള്ള മുസ്ലീങ്ങൾ ഒന്നാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സ്വയം രാഷ്ട്രമാകാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അവർ വിശ്വസിക്കുന്നു. ഇതുമായി കൂട്ടി വായിക്കേണ്ട കാര്യമാണ് ആഗോള ഇസ്ലാം (Pan Islamism) എന്ന ഇവരുടെ നിലപാട്.

ഇത്തരക്കാർ പടച്ചുണ്ടാക്കുന്ന ജിഹാദിഗ്രൂപ്പുകൾക്ക് മുസ്ലിം ജനസാമാന്യത്തെ പൊതുവിൽ ഉത്തേജിപ്പിക്കുവാൻ കഴിയുന്നില്ലെങ്കിലും പിന്നണിയിൽ നിൽക്കുന്ന ഒരു ന്യൂനപക്ഷത്തെ അവരുടെ മുദ്രാവാക്യങ്ങളിലൂടെ ആകർഷിക്കാനാകുന്നുണ്ട്.

‘ഇസ്ലാം അപകടത്തിൽ’

‘പ്രവാചകനെ അപമാനിച്ചവർക്ക് ശിക്ഷനൽകുക’

‘വിധിയ്ക്കാനുള്ള അവകാശം അല്ലാഹുവിന്’

തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ആരുടെയും തലയും കയ്യും വെട്ടാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ജിഹാദികൾ പ്രഖ്യാപിക്കുന്നു. മേൽ സൂചിപ്പിച്ച നിലപാടിൽ നിന്നുകൊണ്ടാണ് ജമാ‌അത്തികൾ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചത്. മറ്റ് മതങ്ങളിലെ ‘ജിഹാദികളും’ ഇവരും തമ്മിൽ ഇത്തരം കാര്യങ്ങളിൽ പൊതുയോജിപ്പ് തന്നെയാണുള്ളത്. അതായത്, ഹിന്ദു ‘ജിഹാദികളും’ ഇവരും ഇക്കാര്യത്തിൽ ഒന്നുതന്നെയാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ഗാന്ധിയുടെ നെഞ്ചിലേക്ക് ഉണ്ട പായിച്ചതും ‘സരസ്വതി ദേവിയുടെ മാനം കാക്കാൻ’ മഹാ ചിത്രകാരനായ ഹുസൈനെ നാട്ടിൽ നിന്നു പായിച്ചതും ഹിന്ദു ജിഹാദിന്റെ ‘മഹത്വം’ വിളിച്ചോതുന്നു!

രാജ്യത്തോടും ഇന്ന് നിലനിൽക്കുന്ന ഭരണത്തോടും ജമാ‌അത്തെ ഇസ്ലാമിയുടെ സമീപനമെന്തെന്ന് കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. ആഗോള ഇസ്ലാം (Pan Islamism) ഉയർത്തിപ്പിടിക്കുന്നതു കൊണ്ടാണ് മാതൃ രാജ്യമെന്ന സങ്കൽപ്പത്തെ ജമാ‌അത്തികൾക്ക് അംഗീകരിക്കാൻ കഴിയാത്തത്. ഇസ്ലാം മത പാരമ്പര്യത്തോടും അതനുസരിച്ച് ജീവിച്ചുപോരുന്ന ലോകത്തെമ്പാടുമുള്ള അവരുടെ സഹോദരന്മാരോടും മാത്രമാണ് കൂറുപുലർത്തേണ്ടതെന്നാണ് മൌദൂദി പറയുന്നത്. അതേപോലെ ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന ‘കിരാത ഭരണ’ത്തെ (താഗൂത്ത്)* മൌദൂദിസ്റ്റുകൾ അംഗീകരിക്കുന്നില്ല. ആയതിനാൽ, ജമാ‌അത്തെ ഇസ്ലാമിയും അവരുടെ യുവജനവിഭാഗവും ഏതെങ്കിലും തരത്തിലുള്ള പുരോഗമന സ്വഭാവം കൈക്കൊള്ളുന്നവരാണെന്ന് ധരിക്കുന്നത് അബദ്ധമായിരിക്കും.

എം എസ് ജയകുമാർ
ചോദ്യോത്തര പംക്തി,
‘കോമ്രേഡ്’ മാസിക,
ജനുവരി 2011, പേജ് 17, 18
(പുസ്തകം: 36, ലക്കം: 11)--
* ബ്രാകറ്റ് മാസികയിൽ ഉള്ളത് തന്നെ.

10 comments:

Malayali Peringode said...

ചോദ്യകർത്താവ് കരുതുന്നതു പോലെ ജമാ‌അത്തെ ഇസ്ലാമിയോ അവരുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയോ മതനിരപേക്ഷമായ നിലപാട് സ്വീകരിക്കുന്ന തരത്തിലുള്ള സംഘടകളല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. മതനിരപേക്ഷവും പുരോഗമനപരവുമായ ഒരു മുഖം‌മൂടി സ്വീകരിച്ചുകൊണ്ട് തങ്ങളുടെ യഥാർഥമുഖം മറച്ചുവെയ്ക്കാനുള്ള ശ്രമം നടത്തി ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അവരുടെ രാഷ്ട്രീയലക്ഷ്യം പടിപടിയായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Noushad Vadakkel said...

മാര്‍ക്സിസ്റ്റുകളും ജമാഅത്തെ ഇസ്ളാമിയും

നാസര്‍ഫൈസി കൂടത്തായി

മുസ്ളിംലീഗ്‌ ജമാഅത്തെ ഇസ്ളാമിയുമായി നടത്തിയ ചര്‍ച്ചയെ ടി.കെ. ഹംസ പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നു. മുസ്ളിംലീഗ്‌ പോലത്തെ ഒരു പാര്‍ട്ടി ജമാഅത്തെ ഇസ്ളാമിയെന്ന ഭീകരസംഘടനയുമായി ഒരു ചര്‍ച്ചപോലും നടത്തിപോകരുതായിരുന്നു എന്നാണ്‌ ഹംസയുടെ കുണ്ഠിതം - ലീഗ്‌ എന്താണ്‌ എന്നും സഖാവ്‌ വ്യക്തമാക്കുന്നുണ്ട്‌: 'മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമിക രാഷ്ട്രം സൃഷ്ടിക്കുക എന്നതോ ലീഗിണ്റ്റെ പരിപാടിയല്ല. 'ജമാഅത്തെ ഇസ്ളാമി അങ്ങനെയല്ല; അതൊരു ഭീകര സംഘടനയാണെന്നാണ്‌ പാര്‍ട്ടി പത്രത്തിലൂടെ എന്തുകൊണ്ട്‌ 'ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം' എന്ന ലേഖന പരമ്പരയില്‍ സഖാക്കള്‍ എഴുതിവിടുന്നത്‌. സഖാവ്‌ ടി.കെ. ഹംസ എഴുതുന്നു: 'ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത്‌ ഇന്ത്യയെ ഇസ്ളാമീകരിച്ച്‌ ഇവിടെ ഒരു ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കാന്‍തന്നെ എന്ന്‌ കാണാവുന്നതാണ്‌. അല്ലാഹുവിണ്റ്റെ ഭൂമിയില്‍ അല്ലാഹുവിണ്റ്റെ ഭരണം. വിധിക്കാനുള്ള അധികാരം അല്ലാഹുവിന്‌ മാത്രം. ചുരുക്കത്തില്‍ ഹുകൂമത്തെ ഇലാഹി (അല്ലാഹുവിണ്റ്റെ ഭരണം) സ്ഥാപിക്കുക എന്നതാണ്‌ പൊരുള്‍. അല്ലാഹുവിണ്റ്റെ ഭരണം എന്നാല്‍ അല്ലാഹുവിണ്റ്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത്‌ ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ. അടിസ്ഥാനപരമായി ലോകത്തുള്ള ഭീകര സംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ബന്ന, സയ്യിദ്‌ ഖുതുബ്‌, അബുല്‍ അഅ്ലാ മൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡ്ഡും (ഇഖ്‌വാനുല്‍ മുസ്ളിമീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന്‌ ചരിത്രം വ്യക്തമാക്കുന്നു.

Noushad Vadakkel said...

സയ്യിദ്‌ ഖുതുബിണ്റ്റെ ആധികാരികഗ്രന്ഥമായ 'മെയില്‍ സ്റ്റോണ്‍സ്‌' മലയാളത്തിലേക്ക്‌ 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത്‌ ജമാഅത്ത്‌ ഇസ്ളാമിയാണ്‌. അതില്‍ ഇസ്ളാമിക ഭരണത്തിനുവേണ്ടി സായുധ പോരാട്ടം നടത്താന്‍ ആഹ്വാനം ചെയ്യുന്നു. 'ഭീകരവാദത്തിണ്റ്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്‌' ഉദ്ധരണികള്‍ ടി.കെ. ഹംസയുടെ ദേശാഭിമാനി ലേഖനത്തില്‍നിന്ന്‌ (ജു. ൨൩). ഇത്രയും വലിയൊരു ഭീകര പ്രസ്ഥാനവുമായി കൂട്ടുപിടിക്കാനുള്ള ആഗ്രഹം മുസ്ളിംലീഗിനുണ്ടായത്‌ അത്ഭുതമെന്നാണ്‌ ഹംസ എഴുതിയത്‌. ഈ ഉദ്ധരണികളില്‍നിന്ന്‌ ഒരു സംഗ്രഹത്തിലെത്താം. ജമാഅത്തെ ഇസ്ളാമി ഭീകരസംഘടന. അവരുമായി ചങ്ങാത്തം അരുത്‌. അവരെ സഹായിക്കുകയോ അവരോട്‌ സഹായം സ്വീകരിക്കുകയോ അരുത്‌. അവരുമായി ചര്‍ച്ച നടത്തുന്നതുപോലും പാപം. മുസ്ളിംലീഗ്‌ മതാധിഷ്ഠിത ഭരണം ലക്ഷ്യമാക്കുന്നില്ല. അത്തരം ഒരു പാര്‍ട്ടി ജമാഅത്തുമായി ചര്‍ച്ച നടത്തിയത്‌ അത്ഭുതമാണ്‌. സി.പി.എമ്മിന്‌ എപ്പോള്‍ മുതലാണ്‌ ജമാഅത്തെ ഇസ്ളാമി ഭീകര സംഘടനയായത്‌? അതും ഹംസതന്നെ ലേഖനത്തിണ്റ്റെ അവസാന ഭാഗത്ത്‌ വ്യക്തമാക്കുന്നുണ്ട്‌. സോളിഡാരിറ്റി സി.പി.എമ്മിണ്റ്റെ വികസന (?) പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത്‌ പരാജയപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങി, ഇടതുപക്ഷ തീവ്രവാദ (?) സംഘടനകളുമായി കൈകോര്‍ത്തു, കിനാലൂരില്‍ പോലീസിനുനേരെ ചാണകവെള്ളം ഒഴിച്ചു. ഇതൊക്കെ ജമാഅത്ത്‌ സ്വീകരിച്ചപ്പോള്‍ മാത്രമാണ്‌ സാമ്രാജ്യത്വ - കോള വിരുദ്ധ, ഇടതുപക്ഷ സഹയാത്രിക പ്രസ്ഥാനമെന്നെല്ലാം മാര്‍ക്സിസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ ഭീകരവാദികളാകുന്നത്‌. കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ഇനിയുമുണ്ട്‌ ജമാഅത്തിനെക്കുറിച്ച്‌ പറയാന്‍. ജമാഅത്ത്‌ വിരുദ്ധതയാല്‍ സി.പി.എമ്മിന്‌ നൂറ്‌ നാക്കാണ്‌. 'മുസ്ളിം ബഹുജനങ്ങളില്‍ വളരെയേറെ ഒറ്റപ്പെട്ട സംഘടനയാണ്‌ ചെറിയ ന്യൂനപക്ഷമായ ജമഅത്തെ ഇസ്ളാമി. സാധാരണ മുസ്ളിംകള്‍ ശക്തമായി എതിര്‍ക്കുന്ന വിഭാഗമാണവര്‍. ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നവരല്ല. ഇസ്ളാമിക - ദൈവ രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്നവരാണവര്‍. (പിണറായി വിജയന്‍ - മാധ്യമം. മെയ്‌ ൨൧).

Noushad Vadakkel said...

'രാജ്യത്തിണ്റ്റെ സുരക്ഷയോ, അസ്തിത്വമോ മുഖവിലക്കെടുക്കാതെ സാര്‍വദേശീയ ഫണ്ടും ബന്ധവും ഉപയോഗിച്ച്‌ വര്‍ഗ്ഗീയത വളര്‍ത്താന്‍മാത്രം ശ്രമിക്കുന്ന പ്രസ്ഥാനമെന്നതിലുപരി യാതൊരു പ്രതിബദ്ധതയും രാജ്യത്തോട്‌ ജമാഅത്തെ ഇസ്ളാമിക്കില്ല...... പേരുകൊണ്ട്‌ കാണാന്‍ കഴിയില്ലെങ്കിലും സോളിഡാരിറ്റിയും മാധ്യമം പത്രവും വര്‍ഗീയ പ്രീണനവും അവസരവാദപരമായ നീക്കങ്ങളുമാണ്‌ നടത്തുന്നത്‌. ' (തോമസ്‌ ഐസക്‌ - ചന്ദ്രിക, മെയ്‌-൨൬)ഈ 'ഭീകര, തീവ്രവാദ, വര്‍ഗീയ, മതരാഷ്ട്രവാദ, രാജ്യദ്രോഹ, സമുദായത്തില്‍ ഒറ്റപ്പെട്ട' ഒരു സംഘടനയെ സി.പി.എം. കിനാലൂറ്‍ സംഭവംവരെ സംരക്ഷിക്കുകയും ആനുകൂല്യങ്ങള്‍ നല്‍കി കൂടെ നിര്‍ത്തുകയുമായിരുന്നു. ന്യൂനപക്ഷ ഉന്നതിക്കുവേണ്ടി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കേരളത്തില്‍ കൊണ്ടുവരുന്നു എന്ന്‌ പറയപ്പെടുന്ന പ്രവര്‍ത്തന കമ്മിറ്റിയായ പാലോളി കമ്മിറ്റിയും പൂര്‍ണ നിയന്ത്രണം സര്‍ക്കാര്‍ ഏല്‍പിച്ചത്‌ ഈ 'ഭീകര' പ്രസ്ഥാനത്തിണ്റ്റെ ആളുകളെയായിരുന്നു. വഖഫ്‌ ബോര്‍ഡിലും ഹജ്ജ്‌ കമ്മിറ്റിയിലും സര്‍ക്കാര്‍ നോമിനികളായി എത്തിയത്‌ ജമാഅത്തെ ഇസ്ളാമിക്കാരാണ്‌. സമുദായത്തിണ്റ്റെ വന്‍ഭൂരിപക്ഷ വിഭാഗത്തെയും പ്രതിനിധീകരിക്കുന്ന സമസ്തയേയും മുജാഹിദിനേയും മാറ്റിവെച്ചുകൊണ്ടാണ്‌ 'ഒറ്റപ്പെട്ട' സംഘടനക്ക്‌ സര്‍ക്കാര്‍ അവസരം നല്‍കിയത്‌. ഹജ്ജ്‌ കമ്മിറ്റിയുടെ ചെയര്‍മാന്‍സ്ഥാനം എ.പി. സുന്നി വിഭാഗത്തിന്‌ നല്‍കിയപ്പോള്‍ അതില്‍ ഏറെ കോപിച്ചത്‌ ജമാഅത്തെ ഇസ്ളാമി ആയതിനാല്‍ വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍സ്ഥാനം ജമാഅത്തിനെ പ്രീതിപ്പെടുത്താനാണ്‌ കാന്തപുരം വിഭാഗത്തിനുപോലും അത്‌ നിഷേധിച്ചത്‌. എന്നിട്ട്‌ നല്‍കിയതോ മതവിരോധിക്കും. മകന്‍ മരിച്ചിട്ടെങ്കിലും മരുമകളുടെ കണ്ണീരുകണ്ട സംതൃപ്തിയില്‍ ജമാഅത്ത്‌ നേതൃത്വവും. എന്നാല്‍ ജമാഅത്തെ ഇസ്ളാമിയെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എതിര്‍ത്തപ്പോള്‍ ജമാഅത്ത്‌ ദൃഷ്ടിയില്‍ സി.പി.എമ്മിനില്ലാത്ത അയോഗ്യത ഇല്ല. ജമാഅത്ത്‌ നേതൃത്വം പ്രതികരിച്ചു. 'ഇപ്പോഴും സ്റ്റാലിണ്റ്റെ പടംവെച്ച്‌ പൂജിക്കുന്ന സി.പി.എം. ജനാധിപത്യത്തെക്കുറിച്ച്‌ ജമാഅത്തിനെ പഠിപ്പിക്കേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമായിട്ടാണ്‌ മാര്‍ക്സിസ്റ്റുകാര്‍ വീക്ഷിക്കുന്നത്‌. (ടി. ആരിഫലി, മാധ്യമം, മെയ്‌-൨൨). 'അമേരിക്കന്‍ ചാരന്‍ എന്ന്‌ ആരോപിക്കപ്പെടുന്ന റിച്ചാര്‍ഡ്‌ ഫ്രാങ്കിയുമായി അടുത്തബന്ധം തുടരുന്ന ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്‌ ജമാഅത്തെ ഇസ്ളാമിക്കെതിരെ വിദേശബന്ധം ആരോപിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന്‌ ജമാഅത്തെ ഇസ്ളാമി കേരള അസി. അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌.

Noushad Vadakkel said...

യഥാര്‍ത്ഥത്തില്‍ പൊയ്മുഖമണിഞ്ഞിരിക്കുന്നത്‌ മതങ്ങളെ നശിപ്പിക്കുക അജണ്ടയായുള്ള കമ്മ്യൂണിസ്റ്റുകളാണ്‌. കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ കോര്‍പ്പറേറ്റ്‌ മാനേജ്മെണ്റ്റുകളുടെയും ഭൂമാഫിയയുടെയും താല്‍പര്യം സംരക്ഷിക്കുന്നതും പൊയ്മുഖമാണ്‌. വോട്ട്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍പോലും ജമാഅത്ത്‌ ഓഫീസില്‍ വന്ന ടി.കെ. ഹംസക്ക്‌ എന്നാണ്‌ ജമാഅത്ത്‌ വര്‍ഗ്ഗീയതയായതെന്ന്‌ ശൈഖ്‌ മുഹമ്മദ്‌ ചോദിച്ചു. (മാധ്യം, മെയ്‌-൨൭). ജമാഅത്തെ ഇസ്ളാമിയെ സംബന്ധിച്ച്‌ സി.പി.എമ്മും ദേശാഭിമാനിയും (ജൂണ്‍ ൨൨ മുതല്‍ ദേശാഭിമാനിയില്‍ 'എന്തുകൊണ്ട്‌ ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം' എന്ന ലേഖന പരമ്പര ആരംഭിച്ചിരിക്കയാണ്‌. സ്വത്വവാദികളെകൊണ്ടുപോലും ലേഖനങ്ങളെഴുതിച്ചു). തുറന്നടിക്കാന്‍ തീരുമാനിച്ചതിണ്റ്റെ ചേതോവികാരമെന്തെന്ന്‌ ആര്‍ക്കുമറിയാം. ജമാഅത്തെ ഇസ്ളാമിയെക്കുറിച്ച്‌ 'ദളിത്‌ - ആദിവാസി സ്നേഹത്തിണ്റ്റെയും പരിസ്ഥിതി പ്രണയത്തിണ്റ്റെയും മനുഷ്യാവകാശ മമതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്‌, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്ടിച്ച്‌, തങ്ങള്‍ മഹാ മതേതര - ജനാധിപത്യ വാദികള്‍ ആണെന്ന്‌ പുരപ്പുറത്ത്‌ കയറി പ്രസംഗിക്കുന്നവര്‍ - വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നക്സലൈറ്റുകളെയും മുന്‍ റോയിസ്റ്റുകളെയും വ്യാജ ഇടതന്‍മാരെയും ചൊല്ലും ചെലവും കൊടുത്ത്‌ അവര്‍ നിര്‍ത്തിയിട്ടുമുണ്ട്‌' എന്ന്‌ ദേശാഭിമാനി കണ്ടെത്തിയത്‌ കിനാലൂറ്‍ പ്രശ്നത്തെ തുടര്‍ന്ന്‌ മാത്രമാണ്‌. ൨൦൦൬-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ൨൦൦൭-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ജമാഅത്ത്‌ ഇടതിന്‌ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചപ്പോഴും ഇതൊക്കെ ഉണ്ടായിരുന്നു. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയായിരുന്ന ഡോ. എം.കെ. മുനീര്‍ എക്സ്പ്രസ്‌ ഹൈവേ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ തൊണ്ടകീറി സോളിഡാരിറ്റി ഒച്ചവെച്ചപ്പോള്‍ 'പരിസ്ഥിതി പ്രണയം' കണ്ട്‌ ഡി.വൈ.എഫ്‌.ഐ.യേക്കാള്‍ സി.പി.എം. സ്നേഹിച്ചത്‌ സോളിഡാരിറ്റിയെ ആയിരുന്നു. മുത്തങ്ങ സംഭവത്തിലും ജമാഅത്തിണ്റ്റെ 'ആദിവാസി സ്നേഹംകണ്ട്‌ ഇടതുപക്ഷം കലവറയില്ലാതെ കെട്ടിപ്പുണര്‍ന്നു. അന്നൊക്കെ ജമാഅത്തിണ്റ്റെ മതരാഷ്ട്രവാദം, തീവ്രവാദം, ഭീകരവാദം, വര്‍ഗീയത, ജനാധിപത്യ - മതേതരത്വ വിരുദ്ധം എന്നിവയൊന്നും സി.പി.എം. ഉരിയാടിയില്ല. ജമാഅത്തെ ഇസ്ളാമിയാകട്ടെ ഇപ്പോള്‍ സി.പി.എമ്മിനെക്കുറിച്ച്‌ പറയുന്ന വൈകല്യങ്ങളൊക്കെ നേരത്തെ അവര്‍ക്കുണ്ടായിരുന്നതുമാണ്‌. സ്റ്റാലിണ്റ്റെ പടംവെച്ച്‌ പൂജിക്കല്‍, ഇന്ത്യന്‍ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യമാണെന്ന മാര്‍ക്സിസ്റ്റ്‌ വാദം, സാമ്രാജ്യത്വവുമായി സഹവര്‍ത്തിത്വം, മതങ്ങളെ നശിപ്പിക്കുക എന്ന അജണ്ട. എല്ലാം സി.പി.എമ്മില്‍ ജമാഅത്ത്‌ കണ്ടെത്തിയത്‌ സി.പി.എം. ജമാഅത്തിനെ കിനാലൂറ്‍ പ്രശ്നത്തില്‍ എതിര്‍ത്തതോടുകൂടിയാണ്‌. സി.പി.എമ്മിനെ ജമാഅത്ത്‌ കണ്ടെത്തിയതും ജമാഅത്തിനെ സി.പി.എം. കണ്ടെത്തിയതും നേരത്തെ ജനാധിപത്യ കേരളം കണ്ടെത്തിയിരുന്നു. വിവേകം വൈകി ഉദിച്ചതില്‍ അല്ലെങ്കില്‍ വൈകി സത്യം പറഞ്ഞതില്‍ സി.പി.എമ്മിനും ജമാഅത്തിനും അഭിനന്ദനം.

said m poyil said...

ഇനി സിപിഎം നെ കണ്ടു പിടിക്കണേല്‍ ഭൂത കണ്ണാടി വെക്കേണ്ടി വരും ....

Anees said...

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ഒരു ചുക്കും അറിയാത്ത കപട മതേതര വാദികളുടെ വിദണ്ട വാദങ്ങള്‍ എന്നതിലപ്പുറം ഈ ചോദ്യോത്തര പരിപാടി ഒന്നുമല്ല. മതത്തെയും രാഷ്ട്രത്തെയും രണ്ടായി കാണാത്ത ഗാന്ധിജിയുടെ സ്വപ്നം തന്നെയാണ് ജമാതിന്റെയും. അതല്ലാതെ കാപട്യം ഉള്ളില്‍ ഒളിപ്പിച്ചു മതെതരത്തം ഞങ്ങളുടെ കുത്തകവകഷമാനെന്നു നാഴികക്ക് നാല്പതു വട്ടം തട്ടി വിടുന്ന m n കാരശ്ശേരി, ഹമീദ് ചെന്നമങ്ങല്ലുര്‍ ടീമിന്റെ പേനയുന്തല്‍ രാഷ്ട്രീയമല്ല. ഒരു വര്‍ഗീയ സംഘട്ടനത്തിലും പങ്കെടുക്കാത്ത , പേര് പോലും പരാമര്ഷിക്കപെടാത്ത ജമാഅത്തെ ഇസ്ലാമി എങ്ങനെ ഒരു വര്‍ഗീയ സംഘടന ആകും സഹോദരന്മാരെ?

.. said...

"ഹിന്ദുത്വവാദികൾ, യഥാർത്ഥ ഹിന്ദുമത സംരക്ഷകർ തങ്ങളാണെന്ന് അവകാശപ്പെടുന്നതുപോലെ ജമാ‌അത്തുകളെ പോലുള്ള ഇസ്ലാംവാദികളും തങ്ങളാണ് ഇസ്ലാമിനെ സംരക്ഷിക്കുന്നതെന്നാണ് പ്രചാരണം നടത്തുന്നത്. അവിഭക്ത ഇൻഡ്യയിൽ, 1941-ആഗസ്റ്റ് 26ന് ലാഹോറിൽ വച്ചാണ് മൌലാന സയ്യിദ് അബുൽ അ‌അ്‌ല മൌദൂദി ജമാ‌അത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടന രൂപീകരിക്കുന്നത്. ദൈവീക ഭരണം (ഹുകൂമത്തെ ഇലാഹി)* സ്ഥാപിക്കലായിരുന്നു അതിന്റെ പ്രഖ്യാപിത ലക്ഷ്യം. "

"ഇസ്ലാം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്നാണ് മൌദൂദിസ്റ്റുകൾ വിശ്വസിക്കുന്നത്. മതത്തിന്റെ സംസ്കാരവും പാരമ്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് സാംസ്കാരിക ഇസ്ലാമിന്റെ പക്ഷത്താണ് ലീഗും ഐ എൻ എല്ലും മറ്റും നിൽക്കുന്നതെങ്കിൽ, അതിന് നേർവിപരീതമായി രാഷ്ട്രീയ ഇസ്ലാമിന്റെ പക്ഷത്താണ് ജമാ‌അത്തെ നിൽക്കുന്നത്. ലോകമെങ്ങുമുള്ള മുസ്ലീങ്ങൾ ഒന്നാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സ്വയം രാഷ്ട്രമാകാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അവർ വിശ്വസിക്കുന്നു."

Sullam said...

jama'athe islami enthaanennu athinte nethakkalkku thanne ariyukayilla.
kaaranam athramathram kapadamana sangadana. indiayilirikkumpol indiyil
islamika baranam illathe jeevikkaan vayyennu paranha moudoodi
paakisthanilethiyappol indiayil oru ramarajyam varanam ennu paranhaanu
gandhijiyude swapnam poovaniyikkaan shramichathu. ini
vaachakamadichathu kondu mathramaayilla, chithram thala thotte maati
varakkanam, ennaale ippol vella pooshunna jama'athe islami
aavukayulloo saahibe.

LATHEEF VALANCHERY said...

ജമാഅത് സുഹൃത്ത് മുഖംമൂടി ഊ രന്‍ തയ്യാറല്ല. സത്യസന്ധതയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ജനത്തിനാവശ്യമു ണ്ടെങ്കിലും പഴയ നിലപാടുകള്‍ തിരുത്താതെ വ്യാഖ്യാന സര്‍ക്കസ് കളിക്കുന്ന ഈ കോമാളിത്തരം ജനം തിരിച്ചരിഞ്ഞുവേന്നതിനാല്‍ ഇനി വലിയ പ്രതീക്ഷ വേണ്ടെന്ന്‍ അമീരിനോട് ശുരക്കാരും രുക്നുകളും പറഞ്ഞാല്‍ നന്നായി.

Post a Comment

Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons