സി പി ഐ (എം എൽ) മുഖപത്രമായ ‘കോമ്രേഡ്’ മാസികയിലെ ചോദ്യോത്തര പംക്തിയിൽ വന്ന ഒരു ചോദ്യവും അതിന് എം എസ് ജയകുമാർ നൽകിയ ഉത്തരവുമാണ് താഴെയുള്ളത്. പ്രതികരണങ്ങൾ കമന്റുകളായി വരുമെന്ന പ്രതീക്ഷയോടെ...
ചോദ്യം: ജമാഅത്തെ ഇസ്ലാമിയുടെ കേരളാഘടകം പൊതുവിൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നില്ലേ? അവരുടെ യുവജനസംഘടനയായ സോളിഡാരിറ്റി ഒരു ഇടതുപക്ഷ യുവജന സംഘടനയുടെ പങ്ക് അല്ലേ നിർവ്വഹിക്കുന്നത്?
സോമൻ, കയ്പുഴ
ഉത്തരം: ചോദ്യകർത്താവ് കരുതുന്നതു പോലെ ജമാഅത്തെ ഇസ്ലാമിയോ അവരുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയോ മതനിരപേക്ഷമായ നിലപാട് സ്വീകരിക്കുന്ന തരത്തിലുള്ള സംഘടകളല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. മതനിരപേക്ഷവും പുരോഗമനപരവുമായ ഒരു മുഖംമൂടി സ്വീകരിച്ചുകൊണ്ട് തങ്ങളുടെ യഥാർഥമുഖം മറച്ചുവെയ്ക്കാനുള്ള ശ്രമം നടത്തി ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അവരുടെ രാഷ്ട്രീയലക്ഷ്യം പടിപടിയായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു കവർ സംഘടനയെന്ന നിലയിൽ ‘ജനകീയ വികസന മുന്നണി’യുടെ പേരിലാണവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് എങ്കിൽ അധികം താമസിയാതെ, ബംഗ്ലാദേശിലും മറ്റും സ്വന്തം രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള സാധ്യത വിദൂരമല്ല. ഇനി ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.